ചെന്നൈ: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രൈസ് ഹൈക്കോടതി. സിബിഐ പിടിച്ചെടുത്ത 100 കിലോ സ്വർണം കാണാതായ സംഭവത്തിലാണ് വിമർശനം. സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം നടത്തുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന അഭിഭാഷകന്റെ വാദത്തോട് “ഇത് സി‌ബി‌ഐയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നി പരിക്ഷ ആയിരിക്കാം, പക്ഷേ അതിൽ ഒന്നും ചെയ്യാനാകില്ല. സിബിഐയുടെ കരങ്ങൾ സീതയെ പോലെ പരിശുദ്ധമാണെങ്കിൽ പരീക്ഷയിൽ വിജയിക്കും. ഇല്ലെങ്കിൽ, ഗുരുതര പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കേണ്ടിവരും,” എന്നായിരുന്നു കോടതിയുടെ പ്രതികരണം.

സംസ്ഥാന പോലീസിന് പകരം സിബിഐയോ ദേശീയ അന്വേഷണ ഏജൻസിയോ സംഭവം അന്വേഷിക്കട്ടെ എന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാനാകില്ലെന്നും സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പൊലീസിന് വാൽ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു.

സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന സുരാന കോർപറേഷൻ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസിൽ നിന്ന് 2012 ൽ നടന്ന സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്ത 400.47 കിലോഗ്രാം സ്വർണത്തിൽ നിന്ന് 103 കിലോഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിയുടെ ഓഫീസിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് ലോക്കറുകൾ സീൽ ചെയ്ത ശേഷം താക്കോലുകൾ പ്രത്യേക കോടതിയ്ക്ക് കൈമാറിയതായാണ് സിബിഐയുടെ അവകാശവാദം.

സുരാനയ്ക്ക് വേണ്ടി മിനറൽസ് ആൻഡ് മെറ്റൽസ് ഗ്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥർ ഒത്താശകൾ ചെയ്തു കൊടുക്കുന്നതായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു സിബിഐ അന്വേഷണം. സ്വർണം ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന് കൈമാറാൻ സിബിഐ പ്രത്യേകകോടതി നിർദേശിച്ചെങ്കിലും സുരാന കമ്പനിയുടെ അപേക്ഷയെ തുടർന്ന് മദ്രാസ് ഹൈക്കോടതി സ്വർണകൈമാറ്റം തടഞ്ഞിരുന്നു. സുരാന കമ്പനി വരുത്തിയ 1,160 കോടി രൂപയുടെ വായ്പാക്കുടിശ്ശിക ചൂണ്ടിക്കാട്ടി സ്വർണം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.

സിബിഐ ഇതിൽ എതിർപ്പ് അറിച്ചെങ്കിലും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ സുരാന കമ്പനി സമർപ്പിച്ച അപേക്ഷ പരിഗണിച്ച് സ്വർണം വായ്പാക്കുടിശ്ശികയുള്ള ആറ് ബാങ്കുകൾക്ക് വിതരണം ചെയ്യാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ 2019 ഡിസംബറിൽ ഉത്തരവിട്ടു.

ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ 2020 ഫെബ്രുവരിയിൽ ലോക്കറുകൾ തുറന്ന് നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്. അളവുയന്ത്രങ്ങളിലെ മാറ്റമാണ് ഈ വ്യതിയാനത്തിന് കാരണമെന്ന സിബിഐയുടെ വാദത്തോട്, കാലക്രമേണ ചുരുങ്ങി 100 കിലോയോളം ഭാരം കുറയാൻ സ്വർണമെന്താ കഞ്ചാവാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം.

കേസിൽ പ്രത്യേക കോടതി ജഡ്ജിയേയും പ്രോപർട്ടി ക്ലർക്കിനേയും സസ്പെൻഡ് ചെയ്യാമെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സിബി-സിഐഡിയോട് കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook