‘തലീം ദാദാൻ, സവാബ് ദദ്ദർ’ (വിദ്യാഭ്യാസം നല്കു, പുണ്യം നേടു), അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിന്റെ സമീപത്തുള്ള ഒരു രഹസ്യ പഠനശാലയിലെ വെള്ളബോര്‍ഡില്‍ ഒരു പെണ്‍കുട്ടി എഴുതി.
ഈ വര്‍ഷം ജൂലൈയിലാണ് കാബൂള്‍ നഗരത്തില്‍ നിന്ന് മാറിയുള്ള പ്രദേശത്തെ അണ്ടര്‍ഗ്രൗണ്ടില്‍ സ്കൂള്‍ ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം ഏഴിനും അതിന് മുകളിലുമുള്ള ക്ലാസുകളില്‍ പഠിക്കുന്നതിന് പെണ്‍കുട്ടികളെ വിലക്കിയതിന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു തുടക്കം. താലിബാന്റെ ഇസ്ലാം വ്യാഖ്യാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതില് നിന്ന് പ്രതിഫലം ഒന്നും ലഭിക്കില്ലെന്നാണ്. എന്നാല്‍ സര്‍വകലാശാലകളില്‍ പോകുന്നതിന് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ദിവസങ്ങളിലാണ് പോകുന്നത്. സ്കൂള്‍ വിദ്യാഭ്യാസം നിരോധിച്ച സാഹചര്യത്തില്‍ പുതിയ അഡ്മിഷനുകള്‍ സ്വീകരിക്കുന്നുമില്ല.
1996 മുതൽ 2001 വരെയുള്ള ഒന്നാം താലിബാൻ ഭരണകാലത്ത് നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന മുപ്പത് വയസുകാരിയും അവരുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള 26 സ്ത്രീകള്‍ ക്ലാസിലുണ്ട്. താലിബാന് ഭരണത്തിന് കീഴില്‍ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വെട്ടിമാറ്റപ്പെട്ട രണ്ട് തലമുറകള്‍.
അടിസ്ഥാനപരമായ കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നാണ് എട്ടാം ക്ലാസുകാരിയായ കുട്ടി പറയുന്നു. ഞാന്‍ സ്കൂളില്‍ പഠിച്ചതൊക്കെ മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്കൂളിലേതുപോലെ മറ്റ് പെണ്‍കുട്ടികളേയും എനിക്കിവിടെ കാണാന്‍ കഴിയുന്നു. വീട്ടിലിരിക്കുന്നതിനേക്കാള്‍ ആനന്ദം നല്‍കുന്നത് ഇതാണ്, അവള് പറഞ്ഞു. ടീച്ചറാകണമെന്നാണ് കുട്ടിയുടെ ആഗ്രഹം. അവളുടെ അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിക്ക് നഴ്സ് ആകണമെന്നും.
ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. ബിരുദ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയുടെ വീട്ടിലാണ് ക്ലാസുകള്‍ നടക്കുന്നത്. കുട്ടികള്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ ഇടം ലഭിക്കുന്നതിനായി മുറിയിലെ ഫ്രിഡ്ജ് വരെ മാറ്റിവച്ചിരിക്കുന്നു. കുട്ടികള്‍ ദാരി (പേർഷ്യൻ ലിപിയിൽ) വായിക്കാനും എഴുതാനും പഠിക്കുകയും ഗുണന പട്ടികകൾ മനഃപാഠമാക്കുകയും ചെയ്യുന്നു.
ഞങ്ങള്‍ തുടങ്ങിയപ്പോള്‍ വളരെക്കുറിച്ച് കുട്ടികളെ ഉണ്ടായിരുന്നുള്ളു. പിന്നീട് പതിയെ പലരും വിവരമറിഞ്ഞെത്തി. കുട്ടികളും സ്ത്രീകളുമായി ഇപ്പോള്‍ 40 പേരുണ്ട്, അധ്യാപിക പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു ഇവര്‍ക്ക് 1996 ല്‍ താലിബാന് ഭരണം പിടിച്ചതിന് ശേഷം ജോലി ഇല്ലാതാവുകയായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് താലിബാൻ ഭരണം വീണ്ടുമേറ്റടുത്തപ്പോള് ഏറ്റവും അധികം ബാധിക്കപ്പെട്ട് വിഭാഗം സ്ത്രീകളും പെണ്‍കുട്ടികളുമാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് പല കാര്യങ്ങളിലും സ്വതന്ത്ര്യം നിഷേധിച്ചതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാര് മാത്രമടങ്ങിയ മന്ത്രിസഭ രൂപീകൃതമായതിന് ശേഷം വനിതാകാര്യ മന്ത്രാലയം സദ്ഗുണ പ്രചരണ മന്ത്രാലയമായി മാറി. ഇതായിരുന്നു ആദ്യ സൂചന. പിന്നാലെ നിവധി നിയന്ത്രണങ്ങള്‍ വന്നു. സത്രീകള്‍ക്കും, ടെലിവിഷനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും വസ്ത്രധാരണത്തില്‍ വരെ നിര്‍ദേശങ്ങളായി. 78 കിലോ മീറ്ററലധികം ഒരു സ്ത്രീക്ക് സഞ്ചരിക്കണമെങ്കില്‍ കുടുംബത്തിലെ ഒരു പുരുഷന് കൂടെയുണ്ടാകണം.
സർക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരോട് ജോലിക്ക് വരരുതെന്ന് നിര്‍ദേശം നല്കി. പലർക്കും ജോലി നഷ്ടപ്പെട്ടു, ചിലരോട് മാസത്തില്‍ ഒരു ദിവസം, ആഴ്ചയിൽ ഒരിക്കലൊക്കെ ജോലിക്ക് വരാന്‍ അനുവാദം നല്കി. പക്ഷെ അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ ഒപ്പിടാന്‍ വേണ്ടി മാത്രമാണിത്. അതിനാല്‍ തന്നെ കുറഞ്ഞ ശമ്പളവുമാണ് ലഭിക്കുന്നത്.
അധ്യാപകര്‍ക്കും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മാത്രമാണ് ഇളവ് നല്‍കിയത്. അത്യാവശ്യമെന്ന് തോന്നുന്ന ജോലികള്‍ താലിബാന് സൈന്യത്തിന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ട്. പ്രധാനമായും പൊലീസ്, എയര്‍പോര്‍ട്ട് സെക്യൂരിറ്റി എന്നിവയാണിത്. വനിതാ യാത്രക്കാരെ പരിശോധിക്കേണ്ടതായുള്ളതിനാലാണിത്. മറ്റ് മേഖലകളില്‍ പുരുഷന്മാരേയും സ്ത്രീകളേയും വേര്‍തിരിച്ചാണ് ജോലികള്‍.
കാബൂളിൽ, “കോഴ്സ്” എന്നറിയപ്പെടുന്ന സ്വകാര്യ ഇംഗ്ലീഷ് കോച്ചിങ് ക്ലാസുകളിൽ പങ്കെടുക്കാൻ ചെറുപ്പക്കാരായ പെൺകുട്ടികൾ അവരുടെ കറുത്ത വസ്ത്രത്തിൽ പുസ്തകങ്ങൾ മുറുകെ പിടിച്ച് നടക്കുന്ന കാഴ്ചകള്‍ കാണാം. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് മദ്രസകളിലെ വിദ്യാഭ്യാസം ഒഴികെയുള്ള ഏക വിദ്യാഭ്യാസം ഇതാണ്.