വെല്ലിങ്ടൺ: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പളളികളില്‍ നടന്ന വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിന്റെ ആദ്യ ആഴ്ചയായ വെളളിയാഴ്ച രാജ്യം 2 മിനിറ്റ് മൗനാചരണം നടത്തണമെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പറഞ്ഞു. കൂടാതെ ദേശവ്യാപകമായി സര്‍ക്കാര്‍ അധിഷ്ഠിത ചാനലുകളിലൂടേയും റേഡിയോയിലൂടെയും ബാങ്ക് വിളി സംപ്രേഷണം ചെയ്യുമെന്നും ജസിന്ത പറഞ്ഞു. കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ കുടുംബത്തിനും ഇരകളായവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
50 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്ന് ജസിന്ത ആര്‍ഡേണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസിന്ത പറഞ്ഞു. പാര്‍ലമെന്റില്‍ ‘അസലാമും അലൈക്കും’ എന്ന മുസ്‌ലിം അഭിവാദ്യത്തോടെയായിരുന്നു ജസിന്ത പ്രസംഗം ആരംഭിച്ചത്. കൊല്ലപ്പെട്ട മുസ്‌ലിങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജസിന്തയുടെ പ്രസംഗം.
Read: ‘അസലാമു അലൈക്കും’; ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മുസ്‌ലിം അഭിവാദ്യത്തോടെ
‘നിങ്ങളോടും ഞാന്‍ അഭ്യർഥിക്കുകയാണ്, കൂട്ടക്കൊല നടത്തിയ അയാളുടെ പേര് പറയുന്നതിലും നല്ലത് കൊല്ലപ്പെട്ടവരുടെ പേര് ഉയര്‍ത്തിപ്പിടിക്കലാണ്. വരുന്ന വെളളിയാഴ്ച മുസ്‌ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാം,’ ജസിന്ത പറഞ്ഞു.
Read: ന്യൂസിലാന്‍ഡ് ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍
മുസ്‌ലിം ആചാരപ്രകാരം മരിച്ചയാളുടെ മൃതദേഹം 24 മണിക്കൂറിനുളളില്‍ ഖബറടക്കണം. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പലരും ന്യൂസിലൻഡില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഫൊറന്‍സിക് അടക്കമുളള നടപടികളുടെ ഭാഗമായി അന്ത്യസംസ്കാരം ഇതുവരെയും നടത്താനായിട്ടില്ല. കൊല്ലപ്പെട്ട മുസ്‌ലിം പൗരന്മാര്‍ക്കു വേണ്ടി ജസിന്ത ഹിജാബ് ധരിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു.