ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി വെട്ടി നുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്താനാകാതെ പൊലീസ്. കേസില്‍ പ്രതിയായ അഫ്താബ് പൂനവാല കൃത്യത്തിന് ഉപയോഗിച്ച വാള്‍, കൊല്ലപ്പെട്ട ശ്രദ്ധയുടെ കൂടുതല്‍ ശരീരഭാഗങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് പൊലീസിന് ഇനിയും കണ്ടെത്താനുള്ളത്.
മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ഡല്‍ഹി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കേസിലെ നിർണായക തെളിവുകള്‍ വീണ്ടെടുക്കാന്‍ ഒന്നിലധികം ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഇപ്പോള്‍ കേസ് അന്വേഷണം മുന്നോട്ട് പോകുന്നത് അഫ്താബിന്റെ കുറ്റസമ്മത മൊഴിയെ അടിസ്ഥാനമാക്കിയാണ്. ആറ് മാസം മുമ്പ് ശ്രദ്ധ കൊല്ലപ്പെട്ടതിനാല്‍ തങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
സൗത്ത് ഡല്‍ഹിയിലെ ഛത്തപൂര്‍ പഹാഡി പ്രദേശത്തെ വാടക വസതിയില്‍ നിന്ന് വളരെ അകലെയുള്ള കാട്ടില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ല. ഇന്നലെയും പൊലീസ് സംഘങ്ങള്‍ അഫ്താബ്, വാക്കറിന്റെ പിതാവ്, സഹോദരന്‍ എന്നിവരോടൊപ്പം സ്ഥലത്തെത്തി ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ സംശയാസ്പദമായ ഒരു ശരീരഭാഗം മാത്രമാണ് അവര്‍ കണ്ടെടുത്തത്, ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ അത് ശ്രദ്ധയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ. അഫ്താബ് മൃതദേഹം 30-ലധികം കഷ്ണങ്ങളായി മുറിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഉപേക്ഷിച്ചെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്വേഷണ സംഘം വനമേഖലയില്‍ നിന്ന് സംശയാസ്പദമായ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇവ ഡിഎന്‍എ പരിശോധനയ്ക്കായി ഡല്‍ഹിയിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അഡീഷണല്‍ ഡിസിപി (സൗത്ത്) അങ്കിത് ചൗഹാന്‍ പറഞ്ഞു.
കൈകാലുകളിലെ എല്ലുകളെന്ന് സംശയിക്കുന്ന 13 കഷണങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, തലയോ ശരീരഭാഗമോ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്ന ഏതെങ്കിലും ശരീരഭാഗമോ ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല, കൊലയാളി ഉപയോഗിച്ച ആയുധം ഏകദേശം 1 അടി നീളമുള്ള വാള്‍, ആ സമയത്ത് അഫ്താബ് ധരിച്ചിരുന്നതായി പറയപ്പെടുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ”വാക്കറിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷമാണ് വാള്‍ വാങ്ങിയെന്ന് പ്രതി ഞങ്ങളോട് പറഞ്ഞു. പ്രതി അത് ദൂരെ എവിടെയോ വലിച്ചെറിയുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വാനിലേക്ക് വലിച്ചെറിയുകയും ചെയ്തു” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഷംഷന്‍ ഘട്ടിന് സമീപമുള്ള ചില സ്ഥലങ്ങളും, പ്രധാന ശരീരഭാഗങ്ങള്‍ വലിച്ചെറിയുന്ന ഡംപ് യാര്‍ഡിനെ കുറിച്ചും പ്രതി പറഞ്ഞു. എന്നാല്‍ ഇന്നലെ സ്ഥലത്തെത്തിയ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകളില്ലാതെ മടങ്ങേണ്ടി വന്നു. ”കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ഞങ്ങള്‍ കണ്ടെടുത്തു, 30-35 ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ അത് ഉപയോഗിച്ചു,” പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിലാണ് മുംബൈ സ്വദേശിയായ അഫ്താബ് പൂനവാലയെ (28) പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രദ്ധ വാല്‍ക്കര്‍ (29) ആണ് കൊല്ലപ്പെട്ടത്. ആറു മാസം മുന്‍പായിരുന്നു കൊലപാതകം. 3 ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണു നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദന്‍ വാല്‍ക്കര്‍ നല്‍കിയ പരാതിയിലാണു കൊലപാതക വിവരം പുറത്തുവന്നത്.