ഇരുപതുകളിലാണ് അവൻ. ഷഹീൻ ബാഗിൽനിന്ന് 50 മീറ്റർ അകലെ, ജോർജ് ഓർവെൽ എഴുതിയ അനിമൽ ഫാം എന്ന പുസ്തകവും കൈയിൽ പിടിച്ച് ഇരിക്കുകയാണ്. എല്ലാവർക്കും സ്വതന്ത്രവും തുല്യവുമായ ഇടം നൽകുക എന്ന ആവശ്യം ഉയർത്തിപ്പിടിച്ച്, തുല്യ പൗരത്വം ആവശ്യപ്പെട്ട് രേഖകൾ കാണിക്കില്ലെന്നും വിപ്ലവം ജയിക്കട്ടെയെന്നുമുള്ള മുദ്രാവാക്യങ്ങളുടേയും ഇടയ്ക്കിടെ പള്ളിയിൽനിന്ന് ഉയരുന്ന ബാങ്കുവിളികളുടെയും നടുവിൽ ചുറ്റുപാടുകളിൽനിന്നു പൂർണമായി വിച്ഛേദിക്കപ്പെട്ട് പുസ്തകം വായനയിൽ വ്യാപൃതനായിരിക്കുകയാണ് അവൻ.
പക്ഷേ അവൻ ഒറ്റയ്ക്കായിരുന്നില്ല. അവനെ പോലെ നിരവധി പേർ, പല പ്രായത്തിലുള്ളവർ അവിടെ ഉണ്ടായിരുന്നു. ചിലർ വായനയിൽ മുഴുകിയിരിക്കുമ്പോൾ മറ്റു ചിലർ പുസ്തകങ്ങളിൽ നിന്ന് കുറിപ്പുകൾ എഴുതിയെടുക്കുന്ന തിരക്കിലായിരുന്നു. മറ്റു ചിലരാകട്ടെ ഷഹീൻ ബാഗിന് തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിലെ ആ പുസ്തകശാലയിൽ അടുക്കിവച്ച പുസ്തകങ്ങളുടെ പുറം ചട്ടകളിലൂടെ കണ്ണോടിച്ച് നടന്നുപോകുന്നു.
“കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയയിൽ നടന്ന അക്രമത്തിനുശേഷമാണ് ഇതെല്ലാം ആരംഭിച്ചത്,” സംഘാടകരിൽ ഒരാളും ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർഥിയുമായ സത്യപ്രകാശ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രതിഷേധവും വിവിധ കോളേജുകളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് ക്രൂരതയുമെല്ലാമാണ് എന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്.
“പ്രദേശവാസികൾ, പ്രത്യേകിച്ച് സ്ത്രീകൾ ഇവിടെ പ്രതിഷേധിക്കാൻ തുടങ്ങി. വിദ്യാർത്ഥികൾ എന്ന നിലയിൽ അവർക്ക് പിന്തുണ നൽകാൻ ഞങ്ങൾ ഇവിടെ എത്തി. ജനുവരി അഞ്ചിനാണ് ജെഎൻയു സംഭവം നടന്നത്. ഷഹീൻ ബാഗിലെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളും ആവർത്തിച്ചു. പണം വാങ്ങിയാണ് അവർ പ്രതിഷേധിക്കാൻ എത്തിയതെന്ന് പറഞ്ഞു. അതിനാൽ അവരുടെ ശ്രമങ്ങൾക്ക് ഞങ്ങൾക്ക് സാധിക്കുന്ന തരത്തിൽ സംഭാവന ചെയ്യുന്നതിനുള്ള ഒരു മാർഗം ഞങ്ങൾ തേടാൻ തുടങ്ങി. അപ്പോഴാണ് ആസിഫ് ഭായ് ഈ ആശയം അവതരിപ്പിച്ചത്,”മോഡേൺ ഹിസ്റ്ററി വിദ്യാർത്ഥി പറയുന്നു.
Read More: മിസ്റ്റർ കേജ്രിവാൾ, ഇനിയെങ്കിലും നിങ്ങൾക്ക് ഷഹീൻ ബാഗ് സന്ദർശിച്ചുകൂടെ?
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് ആസിഫ് ഇപ്പോൾ ഡൽഹിയിൽ തന്റെ പിച്ച്ഡി പ്രൊപ്പോസൽ തയാറാക്കുന്ന തിരക്കിലാണ്.
രോഹിത് വെമുലയുടെ ചരമവാർഷികമായ ജനുവരി 17നാണ് സത്യ, ആസിഫ്, നൂർ എന്നിവർ ഉൾപ്പെടെയുള്ള സംഘാടകർ അവരുടെ സ്വന്തം പുസ്തകങ്ങൾ ഷഹീൻ ബാഗ് ബസ്റ്റാൻഡിനടുത്ത് ‘ഫാത്തിമ ഷെയ്ഖ് – സാവിത്രിബായി ഫൂലെ ലൈബ്രറി’ എന്ന ബാനറിന് കീഴെ കൊണ്ടുവച്ചത്. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്ലക്കാർഡും അതിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ ഒരു ഫെയ്സ്ബുക്ക് പേജും ആരംഭിച്ചു. ഇതിനകം 500ലധികം പുസ്തകങ്ങൾ അവിടെ എത്തി.
“ഷഹീൻ ബാഗിലെ പ്രതിഷേധം നയിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും സ്ത്രീകളാണ്. ഈ വസ്തുതയെ മാനിക്കാനാണ് സ്ത്രീകളായ രണ്ട് സാമൂഹിക പരിഷ്കർത്താക്കളുടെ പേര് തന്നെ ലൈബ്രറിക്ക് നൽകിയത്. ഇവിടെനിന്ന് പുസ്തകം വാങ്ങുന്ന സ്ത്രീകൾക്ക് ഇളവുകൾ നൽകുന്നുണ്ട്. ഇവിടെ പുരുഷന്മാർക്ക് പുസ്തകങ്ങൾ കടം കൊടുക്കുന്നില്ല. അവർക്ക് ഇവിടെത്തന്നെയിരുന്ന് വായിക്കാം. സ്ത്രീകൾക്ക് അവരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയാൽ 24 മണിക്കൂറത്തേക്ക് പുസ്തകങ്ങൾ കടമായി വാങ്ങാം.”
ആൻ ഫ്രാങ്കിന്റെ ‘ഡയറി ഓഫ് എ യങ് ഗേൾ’, ജെ.കെ റോളിങ്ങിന്റെ ‘ദി കാഷ്വൽ വേക്കൻസി’, ഖുശ്വന്ത് സിങ്ങിന്റെ ‘എൻഡ് ഓഫ് ഇന്ത്യ’ തുടങ്ങി മാർക്സിന്റെയും ഭഗത് സിങ്ങിന്റേയുമെല്ലാം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. രാഷ്ട്രീയവും വിപ്ലവവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മാത്രമാണോ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നാണ് സത്യ പറയുന്നത്.
“ഞങ്ങൾക്ക് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ പോലും ലഭിക്കുന്നുണ്ട്. കൂടാതെ വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായവയും ഇതിലുണ്ട്. പക്ഷേ സ്ഥലപരിമിതി കാരണം തൽക്കാലത്തേക്ക് ഞങ്ങൾക്ക് അവ വേർതിരിക്കേണ്ടി വന്നു. ഈ സ്ഥലത്തിന്റെ അന്തരീക്ഷത്തിന് പ്രസക്തമായവയാണ് പ്രദർശിപ്പിക്കുന്നത്, അതായിരിക്കും ഇവിടെ വരുന്ന ആളുകൾക്ക് താൽപ്പര്യമുണ്ടാകുക,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook