മഹാരാഷ്ട്ര നഗരവികസന, പൊതുമരാമത്ത് മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ, മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തി പാർട്ടിയെ പിളർപ്പിലേക്ക് തള്ളിവിട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിലെ 55 എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗത്തെയും കൂടെ നിർത്തിയാണ് പാർട്ടിയെ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള ഷിൻഡെയുടെ വിമതനീക്കം.
ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ നിന്ന് സേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച ഷിൻഡെയും (58) അദ്ദേഹത്തിന്റെ അനുയായികളും മറ്റൊരു വിഭാഗം സേന നേതാക്കളുടെയും താക്കറെയുമായി ബന്ധമുള്ള പ്രവർത്തകരുടെയും രോഷത്തിന് വിധേയരായിട്ടുണ്ടാകാം. എന്നാൽ വിമത നേതാവിന്റെ നീക്കങ്ങൾക്ക് സത്താറ ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ ധരേയിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്, ഷിൻഡെ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.
30 ഓളം വീടുകൾ മാത്രമുള്ള ധരേ ഗ്രാമം, സഹ്യാദ്രി മലനിരകളുടെ താഴ്‌വരയിൽ, മഹാബലേശ്വറിലെ മലയോര പട്ടണത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ, കൊയ്ന നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ ഒരു വശത്ത് റിസർവ് വനവും മറുവശത്ത് കൊയ്ന നദിയുമാണ്. ഗ്രാമത്തിൽ സ്ഥിരവരുമാന മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ മുംബൈയിലും പൂണെയിലും ജോലി ചെയ്യേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ. അതുകൊണ്ട് തന്നെ അവിടത്തെ മിക്ക വീടുകളും പൂട്ടിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷിൻഡെ ഡെയർ ഗ്രാമത്തെ ശ്രദ്ധിക്കുന്നുണ്ട്. “അദ്ദേഹവും (ഷിൻഡെ) കുടുംബവും ഗ്രാമത്തിൽ ഓരോ വർഷവും നടക്കുന്ന മതപരമായ മേള ഒരിക്കലും നഷ്‌ടപ്പെടുത്തിയിരുന്നില്ല, എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലാണ് അദ്ദേഹം ഗ്രാമത്തോട് ശരിക്കും താൽപ്പര്യം കാണിക്കാൻ തുടങ്ങിയത്,” ഗ്രാമത്തലവൻ ലക്ഷ്മൺ ഷിൻഡെ പറഞ്ഞു.
സത്താറ ലോക്‌സഭാ മണ്ഡലത്തിലെ വായ്-മഹാബലേശ്വർ നിയമസഭാ മണ്ഡലത്തിലാണ് ഈ ഗ്രാമം, ഇവ രണ്ടും നിലവിൽ എംവിഎ സഖ്യത്തിന്റെ സഖ്യകക്ഷിയായ ഷാര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയാണ് ഭരണം. ഈ പ്രദേശം എൻസിപിയുടെ ശക്തികേന്ദ്രമാണ്, തന്റെ പാർട്ടിയെ അനുകൂലിക്കുന്നതായി ഗ്രാമത്തെ സ്വാധീനിക്കാൻ ഷിൻഡെ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഗ്രാമത്തിൽ ചില വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ടെങ്കിലും പ്രാദേശികമായി ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും അദ്ദേഹം ഏർപ്പെട്ടിട്ടില്ല. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങൾ ഗ്രാമവാസികൾ ഒപ്പം നിൽക്കും, അദ്ദേഹം ഒരു ദിവസം മുഖ്യമന്ത്രിയാകണമെന്നും ഗ്രാമത്തിന് അഭിമാനമാകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു, “മറ്റൊരു തർക്കങ്ങളിലേക്കും പോകാതെ സമാധാനത്തോടെ ഒരുമിച്ചു ജീവിക്കാനാണ് ഗ്രാമവാസികളോട് താൻ അഭ്യർത്ഥിക്കുന്നതെന്നും ഗ്രാമത്തലവൻ പറഞ്ഞു.
ധരേ ഗ്രാമത്തിൽ ഒരു സ്‌കൂളോ ആശുപത്രിയോ ഇല്ല എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾക്കായി റോഡ് മാർഗം 50 കിലോമീറ്ററും ബോട്ട് വഴി 10 കിലോമീറ്റർ അകലെയുള്ള തപോളയിലേക്ക് പോകണം, കൊയ്ന നദിയുടെ മറുവശത്താണ് ഈ സ്ഥലം.
അതേസമയം, ഷിൻഡെ എപ്പോഴും ഹെലികോപ്റ്ററിൽ ഗ്രാമത്തിൽ എത്തുന്നതിനാൽ രണ്ട് ഹെലിപാഡുകൾ ഗ്രാമത്തിൽ നിർമ്മിച്ചിട്ടുണ്ട്. കൊയ്‌ന നദിക്കരയിലും അദ്ദേഹത്തിന്റെ വീടിന് ഏതാനും മീറ്റർ അകലെയുള്ള ഒരു കുന്നിലുമാണ് രണ്ട് ഹെലിപാഡുകൾ. അത് ഉടൻ തന്നെ ഉപയോഗിക്കാൻ തുടങ്ങുമെന്ന് മന്ത്രിയുടെ വീടിന്റെ കാര്യങ്ങൾ നോക്കുന്ന ബന്ധു അശോക് ഷിൻഡെ പറഞ്ഞു.
താനെയിലെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎയായ ഷിൻഡെ 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ നൽകിയ സത്യവാങ്മൂലത്തിൽ, 2018 ഡിസംബറിൽ ധരേയിൽ 21.21 ലക്ഷം രൂപയ്ക്ക് 12.45 ഏക്കർ കൃഷിഭൂമി വാങ്ങിയെന്നും അദ്ദേഹത്തിന്റെ മകനും സേന എംപിയുമായ ശ്രീകാന്ത് ഷിൻഡെ 2017 നവംബറിൽ ഗ്രാമത്തിൽ 26.51 ലക്ഷം രൂപയ്ക്ക് 22.68 ഏക്കർ ഭൂമി വാങ്ങിയെന്നും പറഞ്ഞിട്ടുണ്ട്.
ഷിൻഡെയുടെ കുടുംബ ഭൂമിയിൽ ഒരു ഫാംഹൗസ് നിർമ്മിക്കുന്നുണ്ട്. ഗ്രാമത്തിലെ ആദ്യത്തെ കോൺക്രീറ്റ് റോഡ് വരുന്നത് അവിടേക്ക് ആയിരിക്കും. നിരവധി ജോലിക്കാരാണ് ഫാംഹൗസിൽ കന്നുകാലികളെയും താറാവുകളെയും നോക്കാനായി ഉള്ളത്. “ഞങ്ങൾ എല്ലായ്‌പ്പോഴും ഇവിടെയുണ്ട്, ഞങ്ങളുടെ സാഹിബ് (ഷിൻഡെ) മാസത്തിലൊരിക്കൽ ഫാംഹൗസ് സന്ദർശിക്കുകയും രണ്ട് ദിവസം വരെ ഇവിടെ താമസിക്കുകയും ചെയ്യും,” ഒരു തൊഴിലാളി പറഞ്ഞു. കഴിഞ്ഞ വർഷം എട്ട് ദിവസമാണ് ഷിൻഡെ തന്റെ ഫാം ഹൗസിൽ താമസിച്ചത്, കോവിഡ് ബാധിതനായപ്പോൾ ആയിരുന്നു ഇത്.