ന്യൂഡൽഹി: റാംപൂർ ഉപ തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിങ് ശതമാനത്തിൽ അധികാരികളെ കുറ്റപ്പെടുത്തി സമാജ്വാദി പാർട്ടി. വോട്ടർമാർ (പ്രത്യേകിച്ച് മുസ്ലിങ്ങൾ) വോട്ടുചെയ്യാൻ വരാതിരിക്കാൻ അധികാരികൾ ഉന്നത ഇടപെടലുകൾ നടത്തിയെന്നാണ് ആരോപണം. ഡിസംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ വെറും 33% പോളിങ്ങാണ് രേഖപ്പെടുത്തിയത്. എസ്പി നേതാവ് അസം ഖാന്റെ കോട്ടയായ ഈ സീറ്റിൽ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വിജയം ബിജെപിക്കായിരുന്നു.
എസ്പി സ്ഥാനാർഥിയും അസം ഖാന്റെ സഹായിയുമായ മുഹമ്മദ് അസിം രാജയ്ക്ക് 36 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, ബിജെപി സ്ഥാനാർഥിയായ ആകാശ് സക്സേന 60 ശതമാനം വോട്ടുകൾ നേടി. അതേസമയം, റാംപൂരിലെ ബൂത്ത് തിരിച്ചുള്ള പോളിങ് പരിശോധിച്ചാൽ, ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ആധിപത്യമുള്ള പ്രദേശങ്ങൾ തമ്മിലുള്ള വോട്ടിങ്ങിൽ വലിയ അന്തരമുണ്ട്.
നഗരപ്രദേശങ്ങളിൽ, മുസ്ലിം ആധിപത്യമുള്ള ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം ഹിന്ദു ആധിപത്യമുള്ള ബൂത്തുകളിലെ പകുതിയാണ്. മുസ്ലിങ്ങൾ കൂടുതലുള്ള നഗരപ്രദേശങ്ങളിൽ 28% മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം പോളിങ് 46% ആയിരുന്നു.
രാംപൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരിൽ 65 ശതമാനവും മുസ്ലിങ്ങളാണ്. ഇതിൽതന്നെ ഏകദേശം 80% ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഹിന്ദുക്കളുടെ എണ്ണമാണ് കൂടുതൽ. 3.8 ലക്ഷം വോട്ടർമാരിൽ 2.7 പേരും നഗരപ്രദേശങ്ങളിലാണ്.
റാംപൂർ നഗരത്തിലെ ഹിന്ദുക്കൾക്ക് ആധിപത്യമുള്ള, 68,000-ലധികം വോട്ടർമാരുള്ള 325-ലെ 77 പോളിങ് ബൂത്തുകളിൽ 46% പോളിങ് രേഖപ്പെടുത്തി. രണ്ടു ലക്ഷത്തിലധികം വോട്ടർമാരുള്ള മുസ്ലിങ്ങൾക്ക് ആധിപത്യമുള്ള ബാക്കിയുള്ള 248 ബൂത്തുകളിൽ 23% മാത്രമാണ് പോളിങ്. പീല തലാബിലെ ഏഴ് ബൂത്തുകൾ പോലുള്ള ചില മുസ്ലിം പ്രദേശങ്ങളിൽ പോളിങ് 4% വരെ കുറവാണ്. മുസ്ലിങ്ങളുടെ ശക്തികേന്ദ്രമായ കോത്തിബാലെ റോഡിലെയും ബസരിയ ഹിമ്മത് ഖാനിലെയും ബൂത്തുകളിൽ യഥാക്രമം 5%, 7% എന്നിങ്ങനെയാണ് പോളിങ്.
അതായത്, മുസ്ലിങ്ങൾക്ക് ആധിപത്യമുള്ള രാംപൂർ നഗരത്തിലെ 90-ലധികം പോളിങ് ബൂത്തുകളിലും 20%-ൽ താഴെയായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. പാർട്ടിക്ക് ഓഫീസും ഏറ്റവും വിശ്വസ്തരായ ചില അനുഭാവികളുമുള്ള എസ്പിയുടെ ശക്തികേന്ദ്രമായ ക്വിലയിൽ പോലും 17 പോളിങ് ബൂത്തുകളിലെ വോട്ടിങ് ശതമാനം വെറും 24% മാത്രമാണ്.
റാംപൂർ നഗരത്തിലെ മുസ്ലിം സ്വാധീനമുള്ള ഒരു ബൂത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് സരായ് ഗേറ്റ് ഘോസിയാനിലെ ഇരട്ട ബൂത്തുകളിലാണ്, 39%. റാംപൂർ നഗരത്തിലെ ഹിന്ദു ആധിപത്യമുള്ള ഒരു ബൂത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് 27% ആയിരുന്നു, ഗണ്ണ വികാസ് ഓഫീസിലെ ആറ് പോളിങ് ബൂത്തുകളിൽ. ഏറ്റവും ഉയർന്ന പോളിങ് മുഹമ്മദ് അലി ജോഹർ മാർഗിലെ സില കൃഷി ഓഫീസിലെ മൂന്ന് ബൂത്തുകളിലാണ്, 74%.
ബിജെപിക്ക് പിന്തുണയുള്ള ഗ്രാമീണ മേഖലകളിൽ, വോട്ടിങ് ശതമാനം വളരെ കൂടുതലായിരുന്നു. ചില പോളിങ് ബൂത്തുകളിൽ 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. ഹിന്ദു ആധിപത്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 32 ഗ്രാമതല ബൂത്തുകളിൽ 60 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. എന്നാൽ, അജിത്പൂർ, ഷാസാദ്നഗർ, ഫസുള്ള നഗർ, അലി നഗർ തുടങ്ങിയ മുസ്ലിം ആധിപത്യമുള്ള ഗ്രാമങ്ങളിൽ 30-40% വരെയായിരുന്നു പോളിങ്.
വോട്ടർമാരെ പോളിങ് ബൂത്തുകളിൽ പോകുന്നത് തടയാൻ പൊലീസ് ഭയാനക അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് അസം ഖാൻ ആരോപിച്ചിരുന്നു. എന്നാൽ സർക്കാർ ഖാന്റെ ആരോപണങ്ങൾ നിഷേധിച്ചു.
വിദ്വേഷ പ്രസംഗ കേസിൽ അസം ഖാനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ സീറ്റിൽ വിജയിച്ച ബിജെപി എംഎൽഎ ആകാശ് സക്സേനയാണ് ഖാനെതിരെ കേസ് നൽകിയത്. റാംപൂരിൽ നിന്ന് 10 തവണ എംഎൽഎയായ എസ്പിയുടെ മുതിർന്ന നേതാവാണ് അസം ഖാൻ.