ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജസ്ഥാന്‍ അസംബ്ലി പാസാക്കി. മധ്യപ്രദേശിന് ശേഷം ഇത്തരത്തിലൊരു നിയമം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മധ്യപ്രദേശ് പാര്‍ലമെന്റ് അത്തരത്തിലൊരു ബില്‍ പാസാക്കിയത്.

ബുധനാഴ്ച അസംബ്ലിയില്‍ വച്ച ബില്ലിലാണ് ഇന്ന് തീരുമാനം വന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376എഎയില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍.

“പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തത്തില്‍ കുറയാത്ത കഠിനതടവോ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജീവപര്യന്തം എന്ന് പറയുമ്പോള്‍ അയാളുടെ മരണം വരെ തടവില്‍ കഴിയേണ്ടി വരും. പിഴയും ഈടാക്കാം.” ഭേദഗതിയില്‍ പറയുന്നു.

കൂട്ട ബലാത്സംഗ കേസിലും ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ “പന്ത്രണ്ട് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തും” എന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ