ജയ്‌പൂർ: രാജസ്ഥാനിൽ മുസ്ലിം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു കൊന്ന സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊലപാതകം നടത്തിയ ശംഭുനാഥ് റായ്ഗറിന്റെ മുന്‍ കാമുകി കൊല്ലപ്പെട്ട അഫ്റാസുല്‍ ഖാന്റെ കൂടെയാണ് ജീവിച്ചിരുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്റാസുല്‍ ലൗ ജിഹാദിന് ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടത്തിയത്.

കാമുകിയെ തട്ടിയെടുത്തതിലുളള വൈരാഗ്യം മൂലമാണ് കൃത്യം നടത്തിയതെന്നും ലൗജിഹാദിന്റെ പേരില്‍ ഇത് മറച്ചുവയ്ക്കാനുമാണ് പ്രതി ശ്രമിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഐഇ മലയാളത്തിന് ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

കൊലപാതകത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയ ശേഷം പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോ പ്രചരിക്കുന്നത് തടയാൻ രാജസ്ഥാനിലെ രാജ്‌സമന്തിൽ ഇന്റർനെറ്റ് സർക്കാർ നിരോധിച്ചു.

രാജ്‌സമന്ത് ജില്ലയിലെ റോഡരികിൽ നിന്ന് പൊലീസ് അഫ്രാസുല്ലിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെട്ടേറ്റ് വീണ ശേഷം എന്തിനാണ് താൻ കൊല നടത്തിയതെന്ന് ശംഭു ക്യാമറയിൽ നോക്കി വിശദീകരിക്കുന്നുണ്ട്. ഈ സമയത്താണ് ലൗ ജിഹാദ് എന്ന ആരോപണം ഉയർത്തുന്നത്. ഹിന്ദു സ്ത്രീയെ ലൗ ജിഹാദിൽ നിന്ന് രക്ഷിക്കാനാണ് താൻ ഈ കൊലപാതകം നടത്തുന്നതെന്നാണ് ശംഭു ലാൽ വിഡിയോയിൽ പറയുന്നത്.

അതേസമയം ഈ ദൃശ്യം പകർത്തിയ മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. “ഒരു മനുഷ്യനെ കൊല്ലുകയും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത് ഞെട്ടിപ്പിക്കുന്നു” എന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

വെസ്റ്റ് ബംഗാളിലെ മാൾഡ സ്വദേശിയാണ് കൊല്ലപ്പെട്ട അഫ്രാസുൽ (48). ഐപിസി സെക്ഷൻ 302, 201 വകുപ്പുകൾ പ്രകാരമാണ് ശംഭുലാലിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ