/indian-express-malayalam/media/media_files/uploads/2023/02/turkey-earthquake-1.jpg)
ഫയല്‍ ചിത്രം
ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം തുടരവെ മരണസംഖ്യ 19,000 കവിഞ്ഞു. തുർക്കിയിൽ 16,170 പേരും സിറിയയിൽ മൂവായിരത്തിലേറെ പേരും മരിച്ചു. അതേസമയം, ദുരന്തത്തെ അതിജീവിച്ചവരെ ഇനിയും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകർക്കു നാലാം ദിവസം കുറഞ്ഞിരിക്കുകയാണ്.
ആളുകള്‍ക്ക് ഒരാഴ്ചയോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിക്കാനാകുമെങ്കിലും ഭൂകമ്പത്തിന്റെ ആദ്യ 72 മണിക്കൂര്‍ നിര്‍ണായകമാണെന്നാണു വിദഗ്ധരുടെ അഭിപ്രായം.
തെക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുള്ള തന്റെ സര്‍ക്കാരിന്റെ ആദ്യ പ്രതികരണത്തില്‍ പ്രശ്നങ്ങളുണ്ടായെന്നു പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
ഭൂചലനം പടിഞ്ഞാറ് അദാന മുതല്‍ കിഴക്ക് ദിയാര്‍ബാകിര്‍ വരെയുള്ള 450 കിലോമീറ്റര്‍ ചുറ്റളവില്‍ 1.35 കോടി ആളുകളെ ബാധിച്ചതായാണു തുര്‍ക്കി അധികൃതര്‍ പറയുന്നത്. സിറിയയില്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ തെക്ക് ഹമ വരെ ആളുകള്‍ കൊല്ലപ്പെട്ടു.
അതിനിടെ, ഇന്ത്യയുടെ 'ഓപ്പറേഷന്‍ ദോസ്തിന്റെ' ഭാഗമായി, രക്ഷാപ്രവര്‍ത്തകരും അവശ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുകൊണ്ടുള്ള ആറാമത്തെ വിമാനം ഇന്നു തുര്‍ക്കിയിലെത്തി. രക്ഷാപ്രവര്‍ത്തകര്‍, ഡോഗ് സ്‌ക്വാഡുകള്‍, ദുരിതബാധിതര്‍ക്കാവശ്യമായ മരുന്നുകള്‍ എ്ന്നിവ വഹിച്ചാണു ഈ വിമാനം തുര്‍ക്കിയിലെത്തിയത്.
തുർക്കിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം രാവിലെ അറിയിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന 10 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും കാണാതായയാൾ ബിസിനസ് ആവശ്യത്തിനായി മലാട്ടിയയിൽ എത്തിയതാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുമായും ബെംഗളൂരുവിൽ ഇയാൾ ജോലി ചെയ്യുന്ന കമ്പനിയുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ടെന്ന് വർമ പറഞ്ഞു. അങ്കാറയിൽ ഒരു പ്രത്യേക ഹെൽപ്പ് ഡെസ്‌ക് വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Mother and 2 children rescued after 64 hours in southeastern Kahramanmaras province https://t.co/AlJD0ttmJrpic.twitter.com/G0N3dJ7SSL
— Anadolu English (@anadoluagency) February 8, 2023
എംബസിയിൽനിന്ന് കൂടുതൽ വിവരങ്ങളും സഹായവും ആവശ്യപ്പെട്ട് 75 ആളുകളിൽ നിന്ന് ഞങ്ങൾക്ക് കോളുകൾ ലഭിച്ചു. ഞങ്ങളുമായി ബന്ധപ്പെട്ട മൂന്നു ഇന്ത്യക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഇതിനകം ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്ത ബാധിത പ്രദേശങ്ങളിലെ കാലാവസ്ഥ വളരെ മോശമാണ്. രാത്രിയിൽ താപനില പൂജ്യത്തിന് താഴെയാണ്. ഗതാഗത, ആശയവിനിമയ ബന്ധങ്ങൾ തകരാറിലായിട്ടുണ്ട്. മൊബൈൽ ടവറുകളും തകർന്നിട്ടുണ്ട്. ഇവയൊക്കെ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തുർക്കിയിലേക്ക് ഇന്ത്യ നാല് വിമാനങ്ങൾ അയച്ചിട്ടുണ്ടെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. രണ്ടെണ്ണത്തിൽ എൻഡിആർഎഫ് ടീമുകളും മറ്റ് രണ്ട് സി -17 കളിൽ മെഡിക്കൽ ടീമുകളുമാണ്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ ഒരു C-130 വിമാനം സിറിയയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(VIDEO) Family of four rescued from under rubble 64 hours after strong earthquakes hit Türkiye's southern Gaziantep province pic.twitter.com/lJ0fMkZmq2
— Anadolu English (@anadoluagency) February 8, 2023
തിങ്കളാഴ്ചയുണ്ടായ ആദ്യ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു. പിന്നാലെ 7.6, 6 എന്നീ തീവ്രതകളിലും ഭൂചലനം സംഭവിച്ചതോടെ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്. ആശുപത്രികള്‍, സ്കൂളുകള്‍, ഫ്ലാറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.