പുണെ: പൊതുനിരത്തില്‍ തുപ്പുന്നവരെ കൊണ്ട് തന്നെ വൃത്തിയാക്കിച്ച് ശിക്ഷ നടപ്പിലാക്കി പുണെ കോർപ്പറേഷന് അധികൃതര്‍. കുറ്റക്കാര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമെയാണ് ഇത്തരത്തിലൊരു ശിക്ഷാ രീതിയും നടപ്പിലാക്കുന്നത്. പിഴ അടപ്പിച്ചത് കൊണ്ട് മാത്രം നിരത്തുകള്‍ വൃത്തികേടാക്കുന്നതില്‍ നിന്ന് കുറ്റക്കാരെ പിന്തിരിപ്പിക്കാനാവില്ലെന്ന് പുണെ മുന്‍സിപ്പല്‍ കോർപ്പറേഷന് അധികൃതര്‍ വ്യക്തമാക്കി. കോർപ്പറേഷന്റെ മാലിന്യ സംസ്കരണ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ബിബ്വേവാദി, അവൂന്ദ്, യേരാവാഡ, കസ്ബ, ഗോലെ റോഡ് എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങി. കഴിഞ്ഞ ആഴ്ച മുതല്‍ തുടങ്ങിയ നടപടിയില്‍ 156 പേരാണ് പിടിയിലായത്. ഇവരെ റോഡില്‍ തുപ്പിയതിന് പിന്നാലെ കോര്പ്പറേഷന് അധികൃതര്‍ പിടികൂടി. ഇവരെ കൊണ്ട് തന്നെ റോഡ് വൃത്തിയാക്കിച്ച ശേഷം 150 രൂപ വീതം പിഴ അടപ്പിക്കുകയും ചെയ്തു.
താന്‍ തന്നെ വൃത്തികേടാക്കിയ റോഡ് വൃത്തിയാക്കുന്നതിലൂടെ കുറ്റക്കാരന്‍ ലജ്ജ തോന്നുകയും അടുത്ത തവണ തുപ്പാതെ ഇരിക്കാനുമാണ് ഈ നടപടിയെന്നാണ് കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കുന്നത്. 2018ലെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ പുണെ 10-ാം സ്ഥാനത്തായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരമായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഇത്തരം നടപടികളിലൂടെ നഗരത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.