ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയില്‍ പ്രചരണം ശക്തമാക്കി ബിജെപി. അധികാരത്തില്‍ എത്തുകയാണെങ്കില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന്‍ ബസുകളിലെ അധിക ചാര്‍ജ് എടുത്ത് കളയുമെന്ന് ബിജെപി വാഗ്‌ദാനം ചെയ്തു. ശബരിമലയിലേക്ക് പോകുന്ന വിശ്വാസികള്‍ക്കും അവശ്യമെങ്കില്‍ സൗജന്യ യാത്ര ഏര്‍പ്പാടാക്കുമെന്നും ബിജെപി വ്യക്തമാക്കി. കൂടാതെ മദ്യ വില്‍പനയിലും നിയന്ത്രണം വരുത്തുമെന്നും ബിജെപി വ്യക്തമാക്കി.

ആഴ്ചയുടെ തുടക്കങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമാക്കി മദ്യ വില്‍പന നിയന്ത്രിക്കും. ആഴ്ചാവസാനം മദ്യ വില്‍പന പൂര്‍ണമായും എടുത്ത് കളയും. ബിജെപിയുടെ പ്രകടന പത്രികാ കമ്മിറ്റി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എന്‍വിഎസ്എസ് പ്രഭാകറാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്.

‘തെലങ്കാനയില്‍ നിരവധി കുടുംബങ്ങളാണ് മദ്യം കാരണം തകരുന്നത്. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍, കൊളള, ലൈംഗികാതിക്രമണം, ആത്മഹത്യ എന്നിവയ്ക്കൊക്കെ മദ്യാസക്തി കാരണമാവുന്നുണ്ട്. മദ്യ വില്‍പനയില്‍ നിയന്ത്രണം വേണം. ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമാക്കി ബിജെപി മദ്യ വില്‍പ്പന നിയന്ത്രിക്കും. ആഴ്ചാവസാനം മദ്യ വില്‍പന പൂര്‍ണമായും ഇല്ലാതാക്കും. സര്‍ക്കാരിന് വരുമാനം ലഭിക്കാനുളള ഏക മാര്‍ഗമായി ബിജെപി മദ്യവില്‍പനയെ കാണില്ല,’ പ്രഭാകര്‍ പറഞ്ഞു.

‘കൊണ്ടഗാട്ട് പോലെയുളള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്നത് ഞങ്ങള്‍ പരിഗണിക്കും. ശബരിമലയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്കും സൗജന്യയാത്ര പരിഗണനയിലുണ്ട്. ഇത് ഞങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍ക്കൊളളിക്കും,’ പ്രഭാകര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook