അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെക്കുറിച്ച് പറയുന്ന കോൺഗ്രസ് അവരുടെ കുടുംബത്തിൽ ആദ്യം പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയിൽനിന്നും രാഹുൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ വിമർശനം. അധ്യക്ഷ സ്ഥാനം രാഹുല്‍ വഹിക്കുന്നതിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുളള കോണ്‍ഗ്രസ് അംഗം ഷെഹസാദ് പൂനെവാല രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.
‘പാര്‍ട്ടിക്ക് അകത്ത് ജനാധിപത്യം ഇല്ലാത്തവര്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. ഷെഹസാദ്, നിങ്ങള്‍ വളരെ ധീരമായാണ് മുന്നോട്ട് വന്നത്. നിര്‍ഭാഗ്യവശാല്‍ ഇതാണ് കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്’, മോദി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തെ വിഭജിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഓരോ സമയത്തും ഓരോ നിറമാണ് കോൺഗ്രസിന്. സഹോദരങ്ങൾക്കിടയിൽ അവർ മതിൽ പണിയാൻ ശ്രമിക്കുകയാണ്. പരസ്പരം പോരടിപ്പിച്ച് അതിൽനിന്നു നേട്ടം കൊയ്യാനാണു കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.