ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കും. സെപ്റ്റംബർ 24ന് അമേരിക്കയിൽ വെച്ചു നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബർ 25ന് ന്യൂയോർക്കിൽ വെച്ചു നടക്കുന്ന യുഎൻ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ നടക്കുന്ന നേരിട്ടുള്ള ആദ്യ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിക്കുമെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചു. നരേന്ദ്ര മോദിക്ക് പുറമെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
മാർച്ചിൽ ഓൺലൈനായി ആദ്യ ഉച്ചകോടി നടത്തിയിരുന്നു. അതിന്റെ പുരോഗതി നേതാക്കൾ വിലയിരുത്തും. കോവിഡ് നിയന്ത്രണം, കാലാവസ്ഥ വ്യതിയാനം, സൈബർ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ, കടൽ സുരക്ഷ എന്നിവ സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യും.
ജോ ബൈഡൻ പ്രസിഡന്റായ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. മോദിയുടെ ബൈഡനുമായുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയും ഇത് തന്നെയാകും. നേരത്തെ മാർച്ചിലെ ക്വാഡ് ഉച്ചകോടിയിലും ഏപ്രിലിലെ കാലാവസ്ഥ ഉച്ചകോടിയിലും ജൂണിലെ ജി-7 ഉച്ചകോടിയിലും ഓൺലൈനിലൂടെ ഇവർ സംസാരിച്ചിരുന്നു.
Also read: അസം: ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ ‘കോൺസിക്വൻഷനൽ ഓർഡർ,’ നൽകരുതെന്ന് സർക്കാർ
2019 സെപ്റ്റംബറിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെയാണ് മോദി അവസാനമായി അമേരിക്ക സന്ദർശിച്ചത്. അന്ന് “ഹൗദി മോഡി” പരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ഓഗസ്റ്റ് 31 ന് അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായി പിന്മാറിയതിനു ശേഷം, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്ന ആദ്യ ഉന്നതതല ചർച്ചയാണിതെന്ന പ്രത്യേകതയും ഉണ്ട്.