നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരെ കണ്ടുമുട്ടാനുള്ള സാധ്യത തീരെ കുറവാണ്. അപ്പോള്‍, സാമ്പത്തികലാഭം ഉണ്ടാക്കുന്ന ഒരു ക്ഷീര സഹകരണ സംഘം നടത്തുന്ന സഖാവ് അവിടെ ഒരപൂര്‍വ പ്രതിഭാസം തന്നെ ആയിരിക്കുമല്ലോ. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘മോദിസാഹിബ് പറയും മുന്‍പേ കച്ചവടം “കാഷ് ലെസ്” ആക്കിയ’ സഹകരണ സംഘത്തിന്റെ സംഘാടകന്‍.

സിപിഎം പ്രവര്‍ത്തകനായ സ. ദയാഭായ് നൻജിഭായ് ഗജേര രാജ്കോട്ടില്‍ നിന്ന് പോര്‍ബന്ദറിലേക്കുള്ള വഴിയില്‍ നൂറോളം കിലോമീറ്റര്‍ താണ്ടിച്ചെന്നാല്‍ എത്തിച്ചേരുന്ന ഉപ്ലേടയിലെ ക്ഷീരസഹകരണ സംഘത്തിന്റെ ചെയര്‍മാന്‍ ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഘാംഗങ്ങളായ മുന്നൂറു ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 45.07 രൂപ നിരക്കില്‍ 7.08 കോടി രൂപ നല്‍കിക്കൊണ്ട് 15.70 ലക്ഷം ലിറ്റര്‍ പാലാണ് ഈ സഹകരണപ്രസ്ഥാനം വാങ്ങിയത്. രാജ്കോട്ട് ജില്ലാ ഡയറി യൂണിയനില്‍ നല്‍കിയ പാലും അംഗങ്ങള്‍ക്ക് വിറ്റ സംയുക്ത കാലിത്തീറ്റയും ചേര്‍ത്തുള്ള 2016-17 വര്‍ഷത്തെ ഇവരുടെ മൊത്തം വിറ്റുവരവ് 8.66 കോടി രൂപയും ലാഭം 52.23 ലക്ഷം രൂപയും ആയിരുന്നു.

‘2004 ഓഗസ്റ്റില്‍ ദിവസേന 250 ലിറ്ററിന്റെ വില്പനയുമായി തുടങ്ങിയതാണ് ഞങ്ങൾ. ഇന്ന് ഞങ്ങളുടെ പ്രതിദിന വില്പന 5000 ലിറ്ററോളമാണ്; അതും 95 ശതമാനവും എരുമപ്പാലാണ്’ ഗജേര അഭിമാനത്തോടെ പറയുന്നു. ഇടതു കര്‍ഷകസംഘത്തിന്റെയും യുവജന വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഈ 59കാരന്‍ 1984 ലാണ് പാര്‍ട്ടി അംഗമാകുന്നത്.

40 ശതമാനത്തോളം പട്ടിദാര്‍ വോട്ടര്‍മാരുള്ള ധോരാജി നിയോജക മണ്ഡലത്തിലാണ്‌ ഉപ്ലേട. ‘ഇത് പ്രധാനമായും പാട്ടിദാര്‍ പ്രദേശം തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് പാല് തരുന്നവരില്‍ 50-60 ശതമാനത്തോളം ആഹിര്‍ സമുദായത്തില്‍പ്പെട്ടവരാണ്. ബാക്കിയുള്ളവരില്‍ പട്ടിദാര്‍ (20-25%), ഭാര്‍വാട് (10-15%) എന്നിവരെ കൂടാതെ കോലി, ദര്‍ബാര്‍, ബ്രാഹ്മണ്‍, ദലിത് വിഭാഗങ്ങളില്‍ പെട്ടവരും ഉണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പട്ടിദാര്‍ സമുദായത്തില്‍ പെട്ട ആളായ ഗരേജ തന്റെ 16 ഏക്കര്‍ നിലം പാട്ടക്കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കിയിരിക്കുകയാണ്.

പാല് ശേഖരിക്കുമ്പോള്‍ തന്നെ അതളക്കാനും പാലിലെ കൊഴുപ്പിന്റെ അളവും ഓരോ അംഗത്തിനും കൊടുക്കേണ്ട വിലയും കണക്കാക്കാന്‍ കഴിവുള്ള ഓട്ടോമാറ്റിക് സംവിധാനവും, പാല് കേടുവരാതെ സൂക്ഷിക്കാനായി അതിനെ ഉടനടി 4 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിക്കാന്‍ ഉതകുന്ന 5000 ലിറ്റര്‍ ശേഷിയുള്ള വന്‍ കൂളറും, അംഗങ്ങള്‍ക്ക് ഗണ്യമായ വിലക്കുറവില്‍ കാലിത്തീറ്റ ലഭ്യമാക്കുന്നതിനായി ഒരു ഗോഡൗണും ഉപ്ലേട ക്ഷീര സഹകരണസംഘത്തിനു സ്വന്തമായുണ്ട്.

ഇപ്പോള്‍ 240 സ്ക്വയര്‍ഫീറ്റു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സംഘം, ഒരു മൃഗചികിത്സാ-പ്രജനന കേന്ദ്രത്തിനായി 65 ലക്ഷം രൂപ മുതല്‍മുടക്കിക്കഴിഞ്ഞു. കന്നുകാലികള്‍ക്കായി കൃത്രിമ ബീജസങ്കലനത്തിനുള്ള സൗകര്യവും, രോഗപ്രതിരോധ കുതിവയ്പ്പുകളും, വിരമരുന്നുകളും സൗജന്യമായി നല്‍കുന്നതോടൊപ്പം പ്രതിമാസം 50000 രൂപ ശമ്പളത്തോടെ ഒരു മൃഗഡോക്ടറേയും ഇവിടെ നിയമിച്ചിട്ടുണ്ട്. ലാഭവും നഷ്ടവും ഉണ്ടാവാത്ത നിരക്കില്‍ കൊടുക്കുന്ന മൃഗങ്ങള്‍ക്കുള്ള അനവധി മരുന്നുകളും വിവിധ കന്നുകാലി രോഗങ്ങള്‍ക്കും സിസേറിയന്‍ പ്രസവത്തിനും ഉള്ള ശസ്തക്രിയാ സൗകര്യങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്.

എന്നിട്ടും, 182 സീറ്റുകളില്‍ എഴില്‍ മാത്രം മത്സരിക്കാന്‍ കെല്പുള്ള ഒരു പാര്‍ട്ടിയായി സിപിഎം ഗുജറാത്തില്‍ തുടരുന്നതെന്താണ്? ഈ ചോദ്യത്തിനുള്ള സ. ഗജേരയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘വാണിജ്യ-ചിന്താഗതി കൈമുതലാക്കിയ ഈ സമൂഹത്തില്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച എളുപ്പമാവില്ല. എങ്ങനെ സമ്പാദിക്കാം എന്നത് മാത്രമാണ് മുഖ്യ ചിന്ത’. എന്നാല്‍, ഗജേരയുടെ സഹകരണ പ്രസ്ഥാനം ഒരേസമയം കര്‍ഷക ശാക്തീകരണത്തിന്റെയും വാണിജ്യ ലാഭസാധ്യതയുടെയും മാതൃകയാവുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി എല്ലാ കര്‍ഷകരും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചു ‘കാഷ് ലെസ്’ ആയാണ് പണമിടപാടുകള്‍ നടത്തുന്നത്. ‘കഴിഞ്ഞ വര്‍ഷത്തെ വിലയില്‍ നിന്നും ഏറെ കുറഞ്ഞ വിലയിലാണ് ഈ വര്‍ഷത്തെ പരുത്തി വ്യാപാരം എത്തി നില്‍ക്കുന്നത്. പാല് മാത്രമാണ് ഞങ്ങളെ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തരാക്കുന്നത്’, തന്റെ 4 എരുമകളില്‍ നിന്നായി ദിവസേന 24 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ കൊടുക്കുന്ന ഭൂപത് ഭായ് ആഹിര്‍ പറയുന്നു. 8 ഏക്കര്‍ നിലമുള്ള അദ്ദേഹം ഏഴിലും പരുത്തിയും ഒരേക്കറില്‍ കാലികള്‍ക്കുള്ള പുല്ലുമാണ് കൃഷി ചെയ്യുന്നത്.

‘ഈ സംഘം സ്ഥാപിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ സ്ഥലത്തെ മധുരപലഹാരക്കടകളിലും മറ്റുമാണ് പാല് കൊടുത്തിരുന്നത്. അവര്‍ ഒരിക്കലും പാലിന്റെ കൊഴുപ്പു നോക്കി വില തന്നിരുന്നില്ല. മാത്രമല്ല, പാലുല്പാദനം കൂടുന്ന തണുപ്പ് കാലത്ത് വില കുറച്ചാണ് അവര്‍ പാലെടുത്തിരുന്നത്, ഭൂരഹിത കര്‍ഷകനായ ദിനേശ്ഭായ് സോജിത്ര പറയുന്നു. 16 എരുമകളും 17 ഗിര്‍ പശുക്കളും 6 സങ്കര ഇനം പശുക്കളും ഉള്ള സോജിത്ര ദിവസവും 150 ലിറ്റര്‍ പാല് വില്‍ക്കുന്നു.

പട്ടിദാർ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചു ഹാർദിക് പട്ടേല്‍ നയിക്കുന്ന സമരം അടിസ്ഥാനപരമായി കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും, തൊഴിലില്ലായ്മയും, ഉയര്‍ന്ന വിദ്യാഭ്യാസ ചെലവുകളും ചേര്‍ന്ന സാമൂഹ്യപ്രതിസന്ധിയെ കുറിച്ചുള്ളതാണെന്നു ഗജേര അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒട്ടാകെയുള്ള എൻജിനീയറിങ് കോളേജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 27000 ത്തോളം സീറ്റുകള്‍ തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook