ന്യൂഡൽഹി: ലോക്ക്ഡൗണിലൂടെ വൈറസിനെ പരാജയപ്പെടുത്താനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ്-19 നെക്കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്‌ധരുമായി സംസാരിച്ചു. ലോക്ക്ഡൗൺ എന്നു പറയുന്നത് ഒരു പോസ് ബട്ടൺ പോലെയാണ്. പ്രശ്ന പരിഹാരത്തിനുളള മാർഗ്ഗമല്ലിത്. വൈറസ് വ്യാപനത്തിനു മുൻപായി പരിശോധന വേഗത്തിലാക്കാനും ആശുപത്രികൾ തയ്യാറാക്കാനും ലോക്ക്ഡൗണിലൂടെ സമയം ലഭിക്കും. യഥാർത്ഥ ആയുധം പരിശോധനയാണ്. പരിശോധനകള്‍ പരമാവധി വർധിപ്പിക്കുകയും അത് തന്ത്രപരമായി നടത്തുകയും എന്നതാണ് സർക്കാരിനുളള തന്റെ ഉപദേശമെന്നും രാഹുൽ പറഞ്ഞു.

നമ്മൾ ലോക്ക്ഡൗൺനിന്നു പുറത്തുവരുമ്പോൾ, വൈറസ് വീണ്ടും അതിന്റെ പ്രവർത്തനം ആരംഭിക്കും. അതിനാൽ നമുക്ക് ഒരു തന്ത്രം ആവശ്യമാണ്. പരിശോധനകൾ വർധിപ്പിക്കുകയാണ് വേണ്ടത്. കോവിഡ്-19 നെതിരെ പോരാടാനുളള പ്രധാന ആയുധവും പരിശോധനയാണ്. നിങ്ങളുടെ ശരീരത്തിൽ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നും, അങ്ങനെയെങ്കിൽ നിങ്ങളെ ഐസൊലേഷനിലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

വളരെ ഗുരുതരമായൊരു അവസ്ഥയിലാണ് നാമുളളത്. വൈറസിനെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണം. വീഡിയോ ആപ്പു മുഖാന്തരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാഹുൽ പറഞ്ഞു.

Read Also: വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തീയതി നീട്ടി

സംസ്ഥാന-ജില്ലാ തലത്തിലാണ് പ്രധാനമായും പോരാടേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ വയനാട്ടിൽ വിജയം നേടിയത് സംസ്ഥാനം സ്വീകരിച്ച കൃത്യമായ നടപടികൾ കാരണമാണ്. സംസ്ഥാന-ജില്ലാ തലത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനാണ് പ്രധാനമന്ത്രി നിർദേശിക്കേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കേന്ദ്രം കൂടുതൽ അധികാരം നൽകണം. പാവപ്പെട്ടവർക്ക് കഴിയുന്നത്ര ധനസഹായം ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവിൽ ഭക്ഷ്യക്ഷാമമില്ല. നമ്മുടെ പക്കൽ നിറയെ ധാന്യശേഖരമുണ്ട്. അത് വിതരണം ചെയ്യുകയും പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ ലഭ്യമാക്കുകയും ചെയ്യണം. എന്നാൽ പാവപ്പെട്ടവരുടെ അടുത്തേക്ക് ഭക്ഷണ വിതരണം എത്തുന്നില്ലായെന്നത് എന്നെ വേദനിപ്പിക്കുന്നു. ഇതൊരു ദേശീയ, സുരക്ഷാ പ്രശ്നമാണെന്ന് രാഹുൽ പറഞ്ഞു.

കോവിഡ്-19 നെ നേരിടാൻ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടുതൽ വിശദമായ സംഭാഷണം വേണം. കോവിഡ്-19 നെ കൈകാര്യം ചെയ്യാൻ കൂടുതൽ വികേന്ദ്രീകൃത സംവിധാനം വേണം. കോവിഡ്-19 നെ തടയാനാവില്ല, പക്ഷേ ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

നിരവധി കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ ഇപ്പോൾ അതിനുളള സമയമല്ല. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നാം ഒന്നിക്കണം. ഒരുമിച്ച് പോരാടുന്നത് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നില്ല. നമ്മൾ പരസ്പരം പോരടിച്ചാൽ നമ്മൾ തോൽക്കുമെന്നും രാഹുൽ പറഞ്ഞു.

കൊറോണ വൈറസിന് ശേഷം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സ്വഭാവം മാറാൻ സാധ്യതയുണ്ട്. ഇന്ത്യ ജനാധിപത്യപരമാണെന്ന് ഉറപ്പാക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം, അതിനെക്കുറിച്ച് വിഷമിക്കേണ്ട. ഇപ്പോൾ ഞങ്ങൾ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും രാഹുൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook