scorecardresearch
Latest News

2020 ലെ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന സൂചന നൽകി ബിജെപി എംഎൽഎ; പുതിയ വീഡിയോ ക്ലിപ്പുകൾ പുറത്ത്

ലോണിയിലെ ബിജെപി എംഎൽഎയായ നന്ദ് കിഷോർ ഗുർജറിനാണ് കലാപത്തിൽ പങ്കുണ്ടെന്ന സൂചനയുള്ളത്

2020 ലെ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന സൂചന നൽകി ബിജെപി എംഎൽഎ; പുതിയ വീഡിയോ ക്ലിപ്പുകൾ പുറത്ത്
നന്ദ് കിഷോർ ഗുർജർ

ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ തനിക്ക് പങ്കുണ്ടെന്ന് ബിജെപി എംഎൽഎ സമ്മതിക്കുന്നതായി തോന്നുന്ന പുതിയ വീഡിയോ പുറത്തുവന്നു. ഞായറാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക ഘടകവും മറ്റ് ഹിന്ദു സംഘടനകളും സംഘടിപ്പിച്ച ‘വിരാട് ഹിന്ദു സഭ’യിൽ നിന്നുള്ള പുതിയ വീഡിയോകളിലാണ് ലോണിയിലെ ബിജെപി എംഎൽഎയായ നന്ദ് കിഷോർ ഗുർജറിന് കലാപത്തിൽ പങ്കുണ്ടെന്ന സൂചനയുള്ളത്.

തിങ്കളാഴ്ചയാണ് പരിപാടിയിൽനിന്നുള്ള നിരവധി വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നത്. ”ഞങ്ങൾ ആരെയും ശല്യം ചെയ്യില്ല, എന്നാൽ ആരെങ്കിലും നമ്മുടെ സഹോദരിമാരെയോ പെൺമക്കളെയോ ഉപദ്രവിച്ചാൽ അവരെ ഞങ്ങൾ വെറുതെ വിടില്ല. സിഎഎയുടെ പേരിൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ആ സമയം, ഈ ജിഹാദികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി… നിങ്ങൾ അവിടെ ഉണ്ടായിരുന്നു – ഞങ്ങളെ അകത്തേക്ക് കടത്തി. 2.5 ലക്ഷം പേരെ ഡൽഹിയിലേക്ക് കൊണ്ടുവന്നുവെന്ന് ഞങ്ങൾക്കെതിരെ കുറ്റം ആരോപിച്ചു. ഞങ്ങൾ അവരോട് വിശദീകരിക്കാൻ മാത്രമാണ് പോയത്, പക്ഷേ പൊലീസ് ഞങ്ങൾക്കെതിരെ ജിഹാദികളെ കൊന്നതിന് കേസെടുത്തു. ഞങ്ങൾ ജിഹാദികളെ കൊല്ലും, എപ്പോഴും ചെയ്യും,” ഒരു ക്ലിപ്പിൽ ഗുർജാർ പറയുന്നു.

കഴിഞ്ഞയാഴ്ച കിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനീഷ് എന്നയാൾ 20-ലധികം തവണ കുത്തേറ്റ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് യോഗം സംഘടിപ്പിച്ചത്. ഇനി ഇത് ആവർത്തിക്കരുതെന്ന് സംഭവത്തെ പരാമർശിച്ച് ഗുർജർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ”അടുത്ത പദ്ധതിക്കായി, ലോണിയിൽ നിന്ന് 50,000 പേരെ ഞങ്ങൾ കൊണ്ടുവരും. അതൊരു വലിയ കാര്യമല്ല. ലോനിയിൽ നിന്ന് 50,000 പേർ നിങ്ങൾക്കായി വരും. ഡൽഹിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവർ മുമ്പും വന്നിരുന്നു.”

ഞായറാഴ്ച നടന്ന പരിപാടിയിൽ നിരവധി വിഎച്ച്പി, ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. മുസ്‌ലിം സമുദായത്തിനെതിരെയാണ് പല നേതാക്കളും പ്രസംഗിച്ചതെന്ന് ആരോപിക്കപ്പെടുന്നു. അതേസമയം, പേര് വെളിപ്പെടുത്താത്ത സംഘാടകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടി നടത്തുന്നതിന് മുമ്പ് സംഘാടകർ പൊലീസിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും നിയമനടപടി തുടങ്ങിയതായും ഡിസിപി (ഷഹ്ദര) ആർ.സത്യസുന്ദരം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: In new clips bjp mla hints at involvement in 2020 delhi riots