ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സംബന്ധിച്ച നിയമം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഭേദഗതി ചെയ്തു. പുതിയ ഭേദഗതി പ്രകാരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനുമായിരിക്കും വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന രണ്ട് ബോര്‍ഡുകള്‍. രണ്ട് സമിതിയും സര്‍ക്കാര്‍ നിയന്ത്രിതമല്ലെന്ന് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയെങ്കിലും വ്യാജ വാര്‍ത്തയുടെ നിര്‍വ്വചനവും ശിക്ഷയും എങ്ങനെ പരാതി നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയാല്‍ ആ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍, വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ സസ്‌പെൻഡ് ചെയ്യും. മേല്‍പ്പറഞ്ഞ രണ്ട് സമിതികളായിരിക്കും വാര്‍ത്ത വ്യാജമാണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. പരാതി ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു.
പൂർണ സമയ മാധ്യമ പ്രവര്‍ത്തകന്/പ്രവര്‍ത്തകയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ദ സെന്ററിന്റെ അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവൃത്തി പരിചയം 15 വര്‍ഷവും വിദേശത്തു നിന്നുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പരിചയവും വര്‍ക്ക് വിസയും ആവശ്യമാണ്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.
പരാതി പ്രിന്റ് മാധ്യമത്തിനെതിരെയാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമത്തിന് എതിരെയാണെങ്കില്‍ എന്‍ബിഎയുമായിരിക്കും കൈകാര്യം ചെയ്യുക. അതേസമയം, രണ്ട് കമ്മിറ്റിയില്‍ നിന്നും പ്രതിനിധികളുളള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയായിരിക്കും രണ്ട് മേഖലയില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ തീരുമാനം എടുക്കുക.
വ്യാജ വാര്‍ത്ത ആരോപണം തെളിയിക്കപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍, ആദ്യത്തെ തവണ, ആറ് മാസത്തേക്കും രണ്ടാമത്തെ തവണയാണെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ എന്നന്നേക്കുമായും റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അക്രഡിറ്റേഷന്‍ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ പിസിഐയുടേയും എന്‍ബിഎയുടേയും ജേര്‍ണലിസ്റ്റിക് കണ്ടക്ടും കോഡ് ഓഫ് എത്തിക്‌സ് ആന്റ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡും പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കും.
അതേസമയം, ഇത്തരത്തിലൊരു ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്‍ബിഎയുമായി ചര്‍ച്ച നടന്നതായോ അറിയില്ലെന്നായിരുന്നു എന്‍ബിഎ സെക്രട്ടറി ജനറല്‍ ആനി ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. പിസിഐ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.പ്രസാദ് പ്രതികരിച്ചില്ല.