മുംബൈ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 10 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. കൊടുത്ത വായ്പകളിൽ വെറും 13 ശതമാനം മാത്രമാണ് ബാങ്കുകൾക്ക് തിരിച്ചുപിടിക്കാനായത്.
എഴുതിത്തള്ളൽ നടപടികളിലൂടെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10,09,510 കോടി രൂപ (123.86 ബില്യൺ ഡോളർ) കുറയ്ക്കാൻ സഹായിച്ചു. വിവരാവകാശ നിയമപ്രകാരം ദി ഇന്ത്യൻ എക്സ്പ്രസ് നൽകിയ അപേക്ഷയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,32,036 കോടി രൂപയുടെ കിട്ടാക്കട വായ്പകൾ ബാങ്കുകൾ തിരിച്ചുപിടിച്ചിട്ടുണ്ട്. മൂന്നുമാസത്തിലധികം (90 ദിവസം) തിരിച്ചടയ്ക്കാതെ കുടിശ്ശികയാകുന്ന വായ്പകളാണ് ബാങ്കുകള് കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എഴുതിത്തള്ളൽ മൂലം നിഷ്ക്രിയ ആസ്തിയിൽ ഉണ്ടായ കുറവ് 13,22,309 കോടി രൂപയാണെന്ന് ആർബിഐ അറിയിച്ചു. ബാങ്കുകൾ നൽകിയ ഡാറ്റയാണിതെന്ന് ആർബിഐ വിവരാവകാശ മറുപടിയിൽ പറഞ്ഞു.
കൂടുതൽ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 734,738 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. അതേസമയം, വായ്പ ഏറ്റവും കൂടുതൽ എഴുതിത്തള്ളിയ ബാങ്കുകളുടെ പേര് ആർബിഐ നൽകിയില്ല. ആ വിവരങ്ങൾ തങ്ങളുടെ പക്കൽ ഇല്ലെന്നാണ് ആർബിഐയുടെ മറുപടി.
ചെറുതും വലുതുമായ നിരവധി വായ്പകൾ വർഷങ്ങളായി ബാങ്കുകൾ എഴുതിത്തള്ളിയെങ്കിലും, ഈ വായ്പക്കാരുടെ വ്യക്തിഗത വിവരങ്ങൾ ബാങ്കുകൾ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിൽ എഴുതിത്തള്ളൽ മൂലമുള്ള നിഷ്ക്രിയ ആസ്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,04,486 കോടി രൂപയും, പഞ്ചാബ് നാഷണൽ ബാങ്കിന്റെ 67,214 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡ 66,711 കോടി രൂപയുമാണ്.