1995 ൽ, രാമോ ബിരുവാ – അന്നദ്ദേഹം കുറേകൂടി ചെറുപ്പമായിരുന്നു – ഒരു ഒറ്റയാൾ സ്വാതന്ത്ര്യ സമരത്തിന് കോപ്പുകൂട്ടിയിരുന്നു. ബ്രിട്ടനിലെ എലിസബത്ത് രാഞ്ജിക്കും , ഇന്ത്യൻ പ്രസിഡണ്ടിനും ഓരോ കത്തെഴുതി. “തന്റെ ജന്മസ്ഥലമായ കൊൽഹാന് സ്വയംഭരണ അധികാരം വേണം. അവിടുത്തെ നികുതി പിരിക്കാനുള്ള അവകാശം തനിക്ക് അനുവദിച്ചു തരണം.”

ഒരു വ്യാഴവട്ടത്തിനുമിപ്പുറം എൺപത്തിമൂന്നാം വയസ്സിൽ 2017 ഡിസംബർ 18 നു ബിരുവ അനുയായികളോട് ആഹ്വാനം ചെയ്തു ‘ഉയർത്തുക കലാപക്കൊടി…നമുക്ക് സ്വാതന്ത്ര്യംവേണം …” കൊടി ഉയർന്നോ എന്നറിയില്ല തിളയ്ക്കുന്ന വാർധക്യത്തിലും ബിരുവ പൊലീസ് അറസ്റ്റ് ഭയന്ന് ഇപ്പോൾ ‘അണ്ടർ ഗ്രൗണ്ടി’ലാണ് അദ്ദേഹത്തിന്റെ ഗ്രാമമായ ഭാഗബിലയിൽ ആകെയുണ്ടായിരുന്ന 43 യുവാക്കളുടെ പേരിലും പോലീസ് കേസ് എടുത്തു. രാജ്യദ്രോഹം, കലാപം, കുറ്റകരമായ ഗൂഡാലോചന, എന്നിങ്ങനെപോകുന്നു വകുപ്പുകൾ. ബിരുവ ഒളിവിലായതിനാൽ അനുയായിയായ മുന്ന ബെൻ സിങിനെ പൊലീസ്  അറസ്റ്റ് ചെയ്തു. 43 പേരുടെ പേരുകൾ ഇതിനൊപ്പം ഉൾപ്പെടുത്തി കേസും എടുത്തു.
ബ്ലോക്ക് ഡെവലപ്മെന്ര് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബിരുവ അവിഭക്ത ബീഹാറിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായാണ് വിരമിച്ചത്. ബാഗബിലാ ഗ്രാമ നിവാസിയാണ് ബിരുവ. സ്വതന്ത്ര കൊൽഹാൻ എസ്റ്റേറ്റ് വാദമയുർത്തി ഡിസംബർ 18 ന് പതാക ഉയർത്താനായിരുന്നു ഇത്തവണ ബിരുവയുടെ ആഹ്വാനം.

സ്വതന്ത്ര കൊൽഹാൻ എസ്റ്റേറ്റിന് വേണ്ടിയുള്ള കലാപം മുളയിലേ നുള്ളിയ ആശ്വാസത്തിലാണ്‌ ജാർഖണ്ഡ് പൊലീസ്. ബിരുവയുടെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ബിരുവയുടെ ആഹ്വാനം അധികമാരും ചെവികൊള്ളുന്നില്ല എന്നൊരാശ്വാസം പൊലീസിനുണ്ട്.

രണ്ടാം തവണയാണ് ഇതേ കാരണത്താൽ ബിരുവക്കെതിരെ പൊലീസ് നടപടി വരുന്നത്. ഏപ്രിലിൽ ബിരുവയെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

“ഇത്തവണ ബിരുവയുടെ നീക്കം അല്പം ശക്തമായിരുന്നു. ഒരു സംഘം പിന്നലുണ്ടായിരുന്നല്ലോ ” ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രകാശ് സോയ് പറഞ്ഞു. മാത്രമല്ല കൊൽഹാൻ എസ്റ്റേറ്റിന്റെ പരമാധികാരിയായി ബിരുവ സ്വയം അവരോധിച്ചിരുന്നു…ഒരു സമാന്തര സർക്കാർ സംവിധാനം തന്നെ രൂപീകരിച് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ കൊൽഹാൻ എസ്റ്റേറ്റ് ഗവണ്മെന്റ്ന്റെ ലെറ്റർ പാഡിൽ വിതരണം ചെയ്തുതുടങ്ങിയിരുന്നു. “വയസായ ആൾ സ്ഥിരബുദ്ധിയില്ലാതെ ചെയ്യുന്നതാണ് എന്നാണ് ആദ്യം കരുതിയത്.” പൊലീസ് പറയുന്നു .” പിന്നീട് ഗോത്ര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ലഘു ലേഖകൾ നോട്ടീസ് എന്നിവ വിതരണം ചെയ്യുകയും, കൊടി ഉയർത്താൻ ആഹ്വാനം ചെയ്തപ്പോഴുമാണ് ഞങ്ങൾ നടപടി ആരംഭിച്ചത് “.

ബ്രിട്ടീഷ് രാജിന്റെ ഭീകര നിയമങ്ങളാണ് ബിരുവയുടെ മനസ്സിൽ ഇപ്പോഴും പച്ച പിടിച്ചു നില്കുന്നത് . കൊൽഹാൻ പ്രദേശത്തെ വരുതിയിൽ നിർത്താൻ 1832 ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന വിൽക്കിൻസൺസ് നിയമം . അത് ബ്രിട്ടീഷുകാരുടെ കൂടെ പോയിട്ടില്ല എന്ന് ബിരുവ പറയുന്നു. ആ നിയമ വാഴ്ചക്ക് അണികളെ സജ്ജമാക്കുന്നു..

പൊലീസ് പിടിച്ചെടുത്ത പോസ്റ്ററുകളിൽ മാലിക് ഇൻ കൗൺസിൽ എന്നാണ് ബിരുവ സ്വയം വിശേഷിപ്പിക്കുന്നത്. 20 പേർ അടങ്ങിയ സംഘം അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്‌തിട്ടുമുണ്ട്‌ .

സ്വയം ഭരണാവകാശമുള്ള ഒരു പ്രദേശം കെട്ടിപ്പടുക്കാനുള്ള ഓട്ടപാച്ചിലിനിടയിൽ കുടുംബം നോക്കാനൊന്നും ബിരുവ മിനക്കെടാറില്ല . “മക്കളെയൊന്നും അദ്ദേഹത്തിന് വലിയ താല്പര്യമില്ല” …പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മൂത്ത മരുമകൾ പറയുന്നു..”നികുതി പിരിക്കാൻ അവകാശം നൽകി ബ്രിട്ടീഷ് രാജ്ഞി കത്ത് നൽകിയിട്ടുണ്ട് ” എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ “ഇതൊക്കെ ചെയ്യാനുള്ള പ്രായമാണോ അയാൾക്കിപ്പോൾ” എന്ന് മരുമകൾ.

ഈ പ്രദേശത്തു നിന്ന് തന്നെ മറ്റൊരു മൂവർ സംഘം ലണ്ടനിലേക്ക് പോയ കഥയുമുണ്ട് ഇതിനോടനുബന്ധമായി. 1982 – 83 ൽ കൊൽഹാൻ രക്ഷ സംഘ് എന്നൊരു സംഘടനയുടെ പേരിൽ അവർ ലണ്ടനിലേക്ക് പുറപ്പെട്ടു. എലിസബത്ത് രാഞ്ജിയെ കണ്ടു ഒരു നിവേദനം നൽകുകയായിരുന്നു ലക്‌ഷ്യം. ആവശ്യം – ഇന്ത്യയിൽ നിന്നും വേറിട്ടു നിൽക്കുന്ന പ്രദേശമാകയാൽ ബ്രിട്ടീഷ് കോമൺവെൽത്തുമായി നേർക്കുനേർ സംവദിക്കാൻ അധികാരം വേണം…ഈ മൂവർ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചൊന്നും പിന്നീട് കേട്ടിട്ടില്ല .

ബിണ്ടിബാസാ ഗ്രാമത്തിലുളള പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു സ്ത്രീ പറയുന്നത് ഇങ്ങനെയാണ്, “അര ഡസൻ തവണയെങ്കിലും അധികൃതർ പതാക ഉയർത്തിയ  സംഭവം എന്താണ് എന്ന് അന്വേഷിച്ച് വന്നിട്ടുണ്ട്. ഇവിടെയുളള ചെറുപ്പക്കാർ തൊഴിലുമായി ബന്ധപ്പെട്ട ബെംഗളുരുവിലും ഗുജറാത്തിലുമൊക്കെയാണ്. ചിലർ വയലുകളിൽ പണിയെടുക്കുന്നു. ബാക്കിയുളളവരെല്ലാം എവിടെയോ രക്ഷപ്പെട്ടു. ഞങ്ങളെ ഉപദ്രവിക്കരുത് എന്നേ എനിക്ക് അവരോട് പറയാനുളളൂ.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook