/indian-express-malayalam/media/media_files/uploads/2023/04/george.jpg)
ഫൊട്ടൊ: ജോർജ് സോറസ് | ഫെയ്സ്ബുക്ക്
ഫെബ്രുവരിയിൽ സിഡ്‌നിയിൽ വച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാരിനെയും ജോർജ് സോറോസ് വിമർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സോറസിനെ “പ്രായമായ, പണക്കാരനായ, സ്വാഭിപ്രായക്കാരനും അപകടകാരിയും,”എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. ന്യൂയോർക്കിലിരുന്ന് ഒരു മനുഷ്യൻ, തനിക്ക് ഇഷ്ടമല്ലാത്ത ഒരു സർക്കാരിനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ചമയ്ക്കുന്നു. ജയശങ്കറിന്റെ സമീപകാല പ്രതികരണങ്ങൾ പോലെതന്നെ ആ നിശിതമായ തിരിച്ചടിയും വൈറലായി മാറി.
ഇതിലൊരു വിരോധാഭാസമുണ്ട്. പ്രാദേശികവും രാജ്യാന്തരവുമായ എൻജിഒകളിലൂടെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളിലൂടെയും (സിഎസ്ഒ) ലോകമെമ്പാടും ജനാധിപത്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎൻ ഡെമോക്രസി ഫണ്ടിലേക്ക് (യുഎൻഡിഇഎഫ്) ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സിഎസ്ഒയിൽ പലതും സോറോസിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം വ്യക്തമാക്കുന്നു. യുഎൻഡിഇഎഫിന്റെ ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. 2005ൽ യു എൻ ഡി ഇ എഫ് ആരംഭിച്ചത് മുതൽ ഇതുവരെ 32 മില്യൺ ഡോളറിലധികമാണ് ഇന്ത്യ നൽകിയ സംഭാവന.
കഴിഞ്ഞ വർഷം, യു എൻ ഡി ഇ എഫിന് 150,000 ഡോളർ സംഭാവന നൽകിയതോടെയാണ് 45 ദാതാക്കളിൽ നാലാമതായി ഇന്ത്യ ഉയർന്നത്. സംഭാവന നൽകുന്നവരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിൽ യുഎസ്, സ്വീഡൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് നിലവിലുള്ളത്. “ലോകമെമ്പാടുമുള്ള ജനാധിപത്യത്തിനായുള്ള നിർണായക ശ്രമങ്ങൾ നടക്കുന്ന ഈ സമയത്ത്, യുഎൻഡിഇഎഫിനുള്ള സുസ്ഥിര പിന്തുണ പ്രധാനമാണെന്ന് ഇന്ത്യ അംഗീകരിക്കുന്നു. ജനാധിപത്യ ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് യുഎൻ ശ്രമങ്ങളെ പൂർത്തീകരിക്കുന്നതിൽ യുഎൻഡിഇഎഫ് പ്രത്യേക പങ്ക് വഹിക്കുന്നതിനാൽ ഇന്ത്യയുടെ ഉറച്ച പിന്തുണ അറിയിക്കുന്നു,”യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ( ഇന്ത്യയുടെ പെർമെനന്റ് മിഷൻ) വ്യക്തമാക്കിയിരുന്നു.
2015 മുതൽ യു എൻ ഡി ഇ എഫ് ഫണ്ട് സ്വീകരിച്ച “ജനാധിപത്യ ഭരണം” ശക്തിപ്പെടുത്തുന്ന 276 പ്രോജക്ടുകളിൽ, 68 എണ്ണം (ഏകദേശം നാലിൽ ഒന്ന്) സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി (ഒഎസ്എഫ്) ബന്ധപ്പെട്ട സിഎസ്ഒകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിഎസ്ഒകൾക്ക് പുറമേ, ഒഎസ്എഫിന്റെ ശാഖകളും അതിന്റെ സംഭാവനകളുടെ സ്വീകർത്താവോ പങ്കാളിയോ ആകും.
യുഎൻഡിഇഎഫ് അതിന്റെ തുടക്കം മുതൽ സോറോസുമായി ബന്ധപ്പെട്ട എൻജിഒകൾക്ക് ഫണ്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യൻ എക്സ്പ്രസ് അന്വേഷണം ആരംഭിച്ചത് 2015 മുതലുള്ള ഫണ്ട് വിതരണത്തെ അടിസ്ഥാനമാക്കിയാണ്.
കാരണം, 2014ൽ അധികാരമേറ്റ മോദി സർക്കാർ എൻ ജി ഒകൾക്ക് വിദേശ ധനസഹായം നൽകുന്നതിനെതിരെ എഫ് സി ആർ എ നിയമപ്രകാരം വിദേശ ഗ്രാന്റുകൾ ഫയൽ ചെയ്യുന്നതിനുള്ള പുതിയ നിയമങ്ങൾ കൊണ്ടുവരികയും ഒഴിവാക്കൽ പ്രക്രിയ ആരംഭിക്കുകയും ചെയ്ത വർഷമായിരുന്നു അത്.
ഒഎസ്‌എഫുമായി ബന്ധമുള്ള ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകൾക്ക് യുഎൻഡിഇഎഫ് ഫണ്ട് നൽകിയിരുന്നപ്പോൾ 2016 ൽ, ആഭ്യന്തര മന്ത്രാലയം ഒഎസ്‌എഫിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. അതിനർത്ഥം, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ സാമ്പത്തിക സഹായം നൽകാനാവില്ല എന്നതാണ്.
ഈ വ്യക്തമായ വൈരുദ്ധ്യത്തിന് കാരണം എന്താകാം എന്ന് അന്വേഷിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ന്യൂയോർക്കിലെ ഇന്ത്യൻ പെർമനന്റ് മിഷനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അത് വിദേശകാര്യമന്ത്രാലയത്തിലെ വക്താവിന് കൈമാറുകയാണ് ചെയ്തത്. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തയാറായില്ല.
അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളും 2015നും 2021നും ഇടയിൽ ഓരോ വർഷവും യു എൻ ഡി ഇ എഫ് ഫണ്ടുകൾ ലഭിച്ച സോറോസിന്റെ ഒഎസ്എഫുമായി ബന്ധിപ്പെട്ട സ്ഥാപനങ്ങൾ ഇവയാണ്:
2021: യുഎൻഡിഇഎഫ് ഫണ്ട് ലഭിച്ച 33 പ്രോജക്റ്റുകളിൽ 11 എണ്ണം ഒഎസ്എഫുമായി ബന്ധിപ്പിച്ചിട്ടുള്ള സിഎസ്ഒകളിലേക്കാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ തുക ലഭിച്ചത് ലെബനീസ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിനായിരുന്നു. ലെബനനിലെ പ്രതിസന്ധികൾക്കിടയിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന പദ്ധതിക്ക് 275,000 ഡോളർ ഗ്രാന്റ് ലഭിച്ചു. അബാദിനെ ( എബിഎഎഡി) ഇതിൽ ഒരു പങ്കാളിയായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒ എസ് എഫ് ആണ് അബാദിനെ സാമ്പത്തികമായി സഹായിക്കുന്നത്.
2020: 30 പ്രോജക്റ്റുകൾക്കാണ് ഈ വർഷം ഗ്രാന്റുകൾ നൽകിയത്. അതിൽ പത്തെണ്ണം ഒഎസ്എഫുമായി ബന്ധപ്പെട്ടതാണ്. ലെബനൻ ആസ്ഥാനമായുള്ള എൻജിഒ അബാദ് റിസോഴ്‌സ് സെന്റർ ഫോർ ജെൻഡർ ഇക്വാലിറ്റിക്ക് 495,000 ഡോളറാണ് ഗ്രാൻഡായി നൽകിയത്. “സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും യുവജനങ്ങളും ലിംഗഭേദമന്യേ ഉൾപ്പെടുന്ന പൗരത്വവും നേതൃത്വവും”എന്ന പ്രോജക്റ്റിനാണ് ഗ്രാന്റ് നൽകിയത്. ഒഎസ്എഫിൽ നിന്നും അബാദിന് ഗ്രാന്റുകൾ ലഭിക്കുന്നു.
2019: 32 ഗ്രാന്റുകളിൽ 11 എണ്ണവും ഒഎസ്എഫിന്റെ ധനസഹായം കൈപ്പറ്റുന്നവരായിരുന്നു. നൈജീരിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ”തെളിവുകൾ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മാധ്യമ സാക്ഷരത”എന്ന പ്രോജക്റ്റിനായി ആഫ്രിക്ക ചെക്ക് ഫൗണ്ടേഷൻ (എസിഎഫ്) എന്ന പ്രാദേശിക എൻജിഒയ്ക്ക് 495,000 ഡോളർ ലഭിച്ചു. ഒഎസ്എഫ് തങ്ങളുടെ പങ്കാളിയാണെന്ന് എ സി എഫ് രേഖപ്പെടുത്തിയിട്ടുണ്ട്.
2018: 46 യുഎൻഡിഇഎഫ് ധനസഹായം കൈപ്പറ്റിയ, 12 സംഘടനകളും ഒഎസ്എഫുമായി ബന്ധപ്പെട്ടവരാണ്. പശ്ചിമേഷ്യ-ഉത്തര ആഫ്രിക്ക മേഖലയിൽ പ്രവർത്തിക്കുന്ന കെയ്‌റോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്‌സ് സ്റ്റഡീസിന് “പുതിയ തലമുറയിലെ മനുഷ്യാവകാശ വക്താക്കളെ” ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിനായി നൽകിയത് 275,000 ഡോളറാണ്. കെയ്‌റോ ഇൻസ്റ്റിറ്റ്യൂട്ടിന് ധനസഹായം ചെയ്യുന്നത് ഒഎസ്എഫാണ്.
2017: 48 യുഎൻഡിഇഎഫ് ധനസഹായം കൈപ്പറ്റിയ 15 സംഘടനകളും ഒഎസ്എഫുമായി ബന്ധം ഉള്ളവരാണ്. “ഐവറി കോസ്റ്റിലും കാമറൂണിലും ശ്രദ്ധ കേന്ദ്രീകരിച്ച് സബ് സഹാറൻ ആഫ്രിക്കയിൽ സമഗ്രതയോടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ” ശക്തിപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റിനായി 275,000 ഡോളർ ലഭിച്ച കോഫി അന്നൻ ഫൗണ്ടേഷന് ലഭിച്ചിരുന്നു. ഒഎസ്എഫിൽനിന്നാണ് ഫൗണ്ടേഷനുള്ള ഫണ്ട് ലഭിക്കുന്നത്.
2016: 43 യുഎൻഡിഇഎഫ് ധനസഹായം കൈപ്പറ്റിയവരിൽ, ആറ് പേർക്കാണ് ഒഎസ്എഫുമായി ബന്ധമുള്ളത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സെർച്ച് ഫോർ കോമൺ ഗ്രൗണ്ടിനാണ് ഏറ്റവും കൂടുതൽ ധനസഹായം ലഭിച്ചത്. . “സ്ഥിരവും പങ്കാളിത്തം ഉൾക്കൊള്ളുന്നതും സഹകരണപരവുമായ പൗര സംവാദം സ്ഥാപിക്കുന്നതിലൂടെ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള” പ്രോജക്ടിനായി 242,000 ഡോളറാണ് നൽകിയത്. ഇത് ഒഎസ്എഫ് അഫിലിയേറ്റിനെ പങ്കാളിയായി രേഖപ്പെടുത്തിയിട്ടുണ്ട്. .
2015: 44 യുഎൻഡിഇഎഫ് ധനസഹായം കൈപ്പറ്റിയ മൂന്ന് പേർ ഒഎസ്ഫുമായി ബന്ധം ഉള്ളവരായിരുന്നു. ” ജനപങ്കാളിത്തത്തോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് തദ്ദേശ ഭരണത്തിൽ പൊതുജന പങ്കാളിത്തവും വിശ്വാസവും സുതാര്യതയും,”എന്ന പദ്ധതിക്കായി ടുണീഷ്യയിലെ ആക്ഷൻ അസോസിയേറ്റീവിന് 242,000 ഡോളറാണ് ലഭിച്ചത്. ഈ സിവിൽ സൊസൈറ്റി ഗ്രൂപ്പ്, ഒഎസ്ഫ് ധനസഹായം നൽകുന്ന അഡ്വക്കേറ്റ്സ് സാൻ ഫ്രോണ്ടിയേഴ്സിന്റെ പങ്കാളിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.