ന്യൂഡല്‍ഹി: 20 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ അളവിലുളള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2018 റിപ്പോര്‍ട്ട്. അസീം പ്രേംജി സര്‍വ്വകലാശാലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ തൊഴില്‍ മേഖല നേരിടുന്നത് സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും കണ്ടെത്തലുണ്ട്.
ആഭ്യന്തര ഉദ്പാദന വളര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കിലും വളര്‍ച്ചയും തൊഴിലും തമ്മിലുളള അന്തരം വലുതാണ്. 1970കളിലും 80കളിലും ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3-4 ശതമാനം വരെയായിരുന്നു. അന്ന് തൊഴില്‍ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 2 ശതമാനം ആയിരുന്നു. 2000ത്തോട് കൂടി ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7 ശതമാനമായി വര്‍ധിച്ചു. പക്ഷെ തൊഴില്‍ വളര്‍ച്ചാ നിരക്ക് 1 ശതമാനത്തിലേക്ക് താണു. എന്നാല്‍ ഇന്ന് ആഭ്യന്തര വളര്‍ച്ചയെ അപേക്ഷിച്ച് തൊഴില്‍ വളര്‍ച്ചാ നിരക്ക് വെറും 0.1 ശതമാനം മാത്രമാണ്.
അതേസമയം രാജ്യത്ത് 82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും പ്രതിമാസം 10,000 രൂപ മാത്രം ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പ്രതിമാസം 18,000 രൂപയാണ് കുറഞ്ഞ ശമ്പളം. ജീവിക്കാന്‍ വേണ്ടുന്ന ശമ്പളം പോലും ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ലഭിക്കുന്നില്ലെന്ന എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസമുളള യുവതയ്ക്ക് തൊഴിലില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ‘തൊഴിലില്ലായ്മ എന്നതല്ല ഇന്ത്യയുടെ പ്രശ്നം. പക്ഷെ അണ്ടര്‍ എംപ്ലോയ്മെന്റും (കഴിവിന് അനുസരിച്ച ജോലി ഇല്ലാത്ത അവസ്ഥ) കുറഞ്ഞ ശമ്പളവും ആണ് പ്രതിസന്ധി. എന്നാല്‍ വിദ്യാഭ്യാസം ഉളളവര്‍ ജോലി ചെയ്യാന്‍ തത്പരരാണെങ്കിലും ജോലി ഇല്ല എന്നതും പുതിയ പ്രതിസന്ധിയാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ് രാജ്യത്ത് പ്രത്യക്ഷമാണെങ്കിലും ഉത്തരേന്ത്യയില്‍ കടുത്ത പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.