ഫ്ളോറിഡ: കരീബിയന്‍ തീരങ്ങളില്‍ നാശം വിതച്ചതിനു ശേഷം അമേരിക്കയില്‍ സംഹാര ശേഷിയുമായി എത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നില്ല. ഫ്‌ളോറിഡയുടെ തീരപ്രദേശത്തു നിന്നും 65 ലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കാറ്റിന്റെ ശക്തിയില്‍ കടല്‍ക്ഷോഭവും മണ്ണിടിച്ചിലും വ്യാപകമായി.

മൃഗശാലകളില്‍ നിന്നും മൃഗങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതും അധികൃതര്‍ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. വെളളം കയറിയ മിയാമി മൃഗശാലയിലെ അക്വേറിയം അടക്കമുളള ഇടങ്ങള്‍ താത്കാലിക സംവിധാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. മൃഗശാലയില്‍ നിന്നും ചെറിയ​ ഇനം മൃഗങ്ങളെ മാത്രമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുളളത്. സിംഹങ്ങള്‍, ആനകള്‍, ആള്‍കുരങ്ങുകള്‍ എന്നിവയടക്കം ഇപ്പോഴും മൃഗശാലയില്‍ തന്നെ തുടരുകയാണ്.

ഇണങ്ങിച്ചേര്‍ന്ന ഇടത്ത് നിന്നും ഇവയെ പെട്ടെന്ന് മാറ്റുമ്പോള്‍ ഇവയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ഈയൊരു അവസരത്തില്‍ അത് ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ കാരണമാകുമെന്നും മൃഗശാലാ അധികൃതര്‍ പറയുന്നു.
ഫ്‌ളോറിഡയില്‍ ചൊവ്വാഴ്ചയോടെ ഭൂചനലമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇര്‍മ ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് കാലാവസ്ഥാ വിഗഗ്ധര്‍ പറയുന്നത്. ഫ്ളോറിഡയിലെവിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ