scorecardresearch

രക്തസാക്ഷികള്‍ സിന്ദാബാദ്: മുഹറം ആചരിക്കുന്ന ‘ഹുസൈനി ബ്രാഹ്മണര്‍’

ഹുസൈനും സംഘത്തിനും ഒപ്പം ഇറാഖില്‍ കര്‍ബല യുദ്ധത്തില്‍ രണ്ട് ബ്രാഹ്മണര്‍ പങ്കെടുത്തായി ചരിത്രകാരന്മാരും പറയുന്നുണ്ട്

റമദാന്‍ കഴിഞ്ഞാല്‍ മുസ്‌ലിംങ്ങള്‍ക്ക് ഏറ്റവും പരിശുദ്ധ മാസമായാണ് ആദ്യ മാസമായ മുഹറം കണക്കാക്കുന്നത്. അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫ നബി വരെയുള്ള ലക്ഷക്കണക്കിന് വരുന്നവര്‍ക്ക് വലിയ വിജയങ്ങള്‍ നല്‍കിയ ദിവസമാണ് മുഹറം 10 എന്നാണ് മുസ്‌ലിംങ്ങളുടെ വിശ്വാസം. അതുകൊണ്ട് തന്നെ മുഹറം മാസത്തെ ഇസ്‌ലാം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇസ്‌ലാമില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ പുത്രന്‍ ഹുസൈന്‍ കര്‍ബലയില്‍ രക്ത സാക്ഷിയായതും മുഹറം പത്തിനാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഹുസൈനെയും സംഘത്തെയും മുആവിയയുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രിസ്തുവര്‍ഷം 650 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) ഇറാഖിലെ കർബല എന്ന സ്ഥലത്തുവച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് കർബല യുദ്ധം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം.

മുഹറം മാസത്തെ പുണ്യമാസമായി മുസ്‌ലിംങ്ങള്‍ കാണുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കളും സാഹോദര്യത്തിന്റെ ഭാഗമായി ഈ മാസം ആചരിക്കാറുണ്ട്. എന്നാല്‍ ഒരു വിഭാഗം ബ്രാഹ്മണര്‍ മുഹറത്തെ വളരെ പരിശുദ്ധമായി കാണാറുണ്ടെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ‘ഹുസൈനി ബ്രാഹ്മണര്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഇവര്‍ മുഹറം ഘോഷയാത്രകളും മറ്റ് ആചാരങ്ങളും നടത്താറുണ്ട്. മുഹറം മാസത്തില്‍ വിവാഹങ്ങളും ഇവര്‍ നടത്തില്ല. വളരെ ചുരുങ്ങിയ വിഭാഗമാണ് ഇവരെന്ന് വിചാരിച്ചാല്‍ തെറ്റി. ബോളിവുഡ് താരമായ സുനില്‍ ദത്ത്, ഉറുദു സാഹിത്യകാരന്മാരായ കശ്മീരി ലാല്‍ സാക്കിര്‍, സാബിര്‍ ദത്ത്, നന്ദകിശോര്‍ വിക്രം എന്നിവരൊക്കെ ഹുസൈനി ബ്രാഹ്മണരില്‍ പെട്ടവരാണ്. വിഭജനത്തിന് മുമ്പ് ലാഹോറിലും സിന്ധിലും ആയിരുന്നു ഈ വിഭാഗം കൂടുതലായി ഉണ്ടായിരുന്നത്. വിഭജനത്തിന് ശേഷം ഇവര്‍ പുണെ, ഡല്‍ഹി, അലഹബാദ്, പുഷ്കര്‍ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. സാഹോദര്യത്തിന്റെ മാത്രം സന്ദേശം പങ്കുവയ്ക്കാനല്ല ഇവര്‍ മുഹറം ആചരിക്കുന്നത്.

തങ്ങളുടെ പൂര്‍വ്വികനായ റാഹിബ് ദത്ത് ഇമാം ഹുസൈനോടൊപ്പം കര്‍ബലയില്‍ പോരാട്ടത്തില്‍ പങ്കെടുത്തതായാണ് ഇവരുടെ വിശ്വാസം. റാഹിബ് ദത്തിന്റെ മക്കളും ബന്ധുക്കളും യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തെ കുറിച്ച് ചരിത്രകാരന്മാരും ചില സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് ലാഹോറിന്റെ രാജാവായിരുന്ന ചന്ദ്രഗുപ്തിന്റെ സേവകനായിരുന്നു റാഹിബ് ദത്തെന്ന് അവകാശവാദമുണ്ട്. കര്‍ബല യുദ്ധത്തില്‍ രണ്ട് ബ്രാഹ്മണര്‍ പങ്കെടുത്തായി ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇതില്‍ ഒരാള്‍ റാഹിബ് ദത്താണെന്നാണ് വിശ്വാസം. ഇരുവരും ഇറാഖില്‍ വസ്ത്രവ്യാപാരത്തിന് എത്തിയതായിരുന്നു.

എന്നാല്‍ നന്മയും തിന്മയും തമ്മിലുളള യുദ്ധത്തില്‍ നന്മയുടെ ഭാഗത്ത് നിന്ന് പോരാടാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിശ്വാസം. രാമായണ-മഹാഭാരത യുദ്ധം പോലെ തന്നെയാണ് ഇതെന്ന് വിശ്വസിച്ച റാഹിബ് ദത്ത് തന്റെ ഏഴു മക്കളേയും ഹുസൈന്റെ പിന്നില്‍ അണിനിരത്തി. യുദ്ധത്തില്‍ റാഹിബ് ദത്ത് വീര്യത്തോടെ പോരാടി. അദ്ദേഹം യുദ്ധത്തെ അതിജീവിച്ചെങ്കിലും ഏഴ് മക്കളും രക്തസാക്ഷികളായി. യുദ്ധത്തിന് ശേഷമാണ് ഹുസൈന്റെ കുടുംബം റാഹിബിന് ‘ഹുസൈനി ബ്രാഹ്മണര്‍’ എന്ന പദവി നല്‍കിയത്. എല്ലാ ഹുസൈനി ബ്രാഹ്മണര്‍ക്കും കഴുത്തില്‍ മായാത്ത ഒരു അടയാളമുണ്ടാകുമെന്നാണ് വിശ്വാസം. കഴുത്തറുത്ത് രക്തസാക്ഷിയായ ഹുസൈന്റേയും ബ്രാഹ്മണ സഹോദരങ്ങളുടേയും രക്തസാക്ഷിത്വത്തിന്റെ അടയാളമാണ് ഇതെന്നാണ് വിശ്വാസം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: In good faith the hindus with hussain