പനജി : ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ കഴിയവേ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്. പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ എന്‍ഡിഎ വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സന്ദര്‍ശനം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേത്രുത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്. നേരത്തെയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പരീക്കറിന്റെ നേത്രുത്വത്തിലുള്ള എന്‍ഡിഎക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നും ഭൂരിപക്ഷം തെളിയിക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഉണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
ഗോവ നിയമസഭയില്‍ 16 സീറ്റുകളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 14, ജിഎഫ്പിക്കും എംജിപിക്കും മൂന്ന് വീതം സീറ്റുകളുമുണ്ട്. എന്‍സിപിക്ക് ഒരു സീറ്റും മൂന്ന്‍ സ്വതന്ത്രരുമാണ് ഉള്ളത്. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ തീരുമാനം അറിയിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.