ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമത്തിനെത്തിനെതിരേ ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 2008ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ സിവില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാനങ്ങളുടെ പൊലീസിങ് കാര്യങ്ങളില്‍ എന്‍ഐഎക്ക് അധികാരമില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. എന്‍ഐഎ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണു ഛത്തീസ്‌ഗഡ്.

”അന്വേഷണത്തിനുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഐഎ നിയമം കവര്‍ന്നെടുക്കുകയാണ്. ഇതു വിവേചനപരവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ കേന്ദ്രത്തിനു നല്‍കുന്നു. ഭരണഘടന പ്രകാരം വിഭാവനം ചെയ്ത സംസ്ഥാനത്തിന്റെ പരമാധികാരം എന്ന ആശയത്തിനു വിരുദ്ധമാണ് എന്‍ഐഎ നിയമം,” സര്‍ക്കാര്‍ ഹരജിയില്‍ വ്യക്തമാക്കി.

Also Read: ഇന്ത്യ പ്രത്യേക അവകാശങ്ങള്‍ നൽകിയതിനാൽ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചു: യോഗി ആദിത്യനാഥ്

‘രാഷ്ട്രീയ താല്‍പ്പര്യമുള്ള കേസുകള്‍ എന്‍ഐഎ തിരഞ്ഞെടുക്കുന്നതാണു കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് അഡ്വക്കേറ്റ് ജനറല്‍ സതീഷ് വര്‍മ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരമാണു 2008ലെ എന്‍ഐഎ നിയമം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വളരെ ചെറിയ എതിര്‍പ്പോടെ ബില്‍ പാസാകുകയായിരുന്നു. അമേരിക്കയിലെ എഫ്ബിഐയുടെ മാതൃകയില്‍ രാജ്യത്തെ ഏക ഫെഡറല്‍ അന്വേഷണ ഏജന്‍സി രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായിരുന്നു നിയമം. നിയമം എന്‍ഐഎയെ സിബിഐയേക്കാള്‍ ശക്തമാക്കുന്നു.

Also Read: ഡല്‍ഹി കൂട്ടബലാത്സംഗം: വധശിക്ഷ 22 നു നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

രാജ്യത്തെവിടെയും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണു 2008ലെ നിയമം. ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സംസ്ഥാനങ്ങളില്‍ പ്രവേശിച്ച് അന്വേഷണം നടത്താനും അറസ്റ്റ് ചെയ്യാനും നിയമം എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook