കൊല്‍ക്കത്ത: മെട്രോയില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് യാത്രികര്‍ മര്‍ദ്ദിച്ച സംഭവത്തെ എതിര്‍ത്തും ന്യായീകരിച്ചും കൊല്‍ക്കത്ത മെട്രോ. സംഭവത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഒരേ സമയം സദാചാര പൊലീസിങ്ങിനെ എതിര്‍ത്തും ദമ്പതികളെ വിമര്‍ശിച്ചും കൊല്‍ക്കത്ത മെട്രോ രംഗത്തെത്തിയത്.

തങ്ങള്‍ സദാചാര പൊലീസിങ്ങിന് എതിരാണെന്നും സംഭവത്തെ കുറിച്ച് ആരുടേയും പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിച്ച് വരികയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു മെട്രോ കൊല്‍ക്കത്തയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമുള്ള പോസ്റ്റ്. എന്നാല്‍ തൊട്ട് പിന്നാലെ കമന്റായി സദാചാര പൊലീസിങ്ങിനെ ന്യായീകരിക്കുകയായിരുന്നു.

എന്ത് തെറ്റാണ് യാത്രികര്‍ ചെയ്തതെന്നും യുവാക്കളുടെ അപമര്യാദയായ പെരുമാറ്റത്തോടുള്ള പ്രതികരണമായിരുന്നുവെന്നുമാണ് കൊല്‍ക്കത്ത മെട്രോയുടെ അക്കൗണ്ടില്‍ നിന്നുമുള്ള കമന്റില്‍ പറയുന്നത്. മിക്ക യുവാക്കള്‍ക്കും മാന്യത എന്താണെന്ന് അറിയില്ലെന്നും ഇംഗ്ലീഷ് സംസാരിച്ചത് കൊണ്ട് മാത്രം നല്ല സംസ്‌കാരമുള്ളവരാകില്ലെന്നും കമന്റില്‍ പറയുന്നു. ഇതുപോലെ പെരുമാറിയാല്‍ മെട്രോയില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും സമാന സംഭവങ്ങളുണ്ടാകുമെന്നും കമന്റില്‍ പറയുന്നു.

വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് കൊല്‍ക്കത്ത മെട്രോ തടിയൂരിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൊല്‍ക്കത്ത മെട്രോയുടെ ഔദ്യോഗികമായ വിശദീകരണമൊന്നും ഇതുവരേയും ലഭ്യമായിട്ടില്ല. അതേസമയം, സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനെ അറിയിച്ചു.

കൊല്‍ക്കത്ത മെട്രോയില്‍ സഞ്ചരിച്ച ദമ്പതികളെയാണ് യാത്രക്കാരായ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചത്. ദമ്പതികള്‍ പരസ്പരം ആലിംഗനം ചെയ്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയതെന്നാണ് വിവരം.

മെട്രോയില്‍ ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടയില്‍ ഇരുവരും ആലിംഗനം ചെയ്തു. ഇതു കണ്ട മധ്യവയസ്‌കനായ ഒരാള്‍ ദമ്പതികളോട് കയര്‍ത്തു. ഇയാള്‍ക്ക് ഭര്‍ത്താവ് നല്ല ചുട്ട മറുപടി നല്‍കി. ഇതോടെ മറ്റു യാത്രക്കാരും ദമ്പതികളോട് കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങിയതായി ദൃക്സാക്ഷി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിന്‍ ഡം ഡം സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ യുവാവിനെ വലിച്ച് പുറത്തേക്കിറക്കി മര്‍ദിക്കാന്‍ തുടങ്ങി. മറ്റു കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന ചിലരും മര്‍ദിച്ചു. ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ട യുവതി രക്ഷിക്കാനായി കവചം തീര്‍ത്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം യുവതിയെയും മര്‍ദിച്ചു. ഒടുവില്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ഇടപെട്ടാണ് ദമ്പതികളെ രക്ഷിച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ദമ്പതികളെ യാത്രക്കാര്‍ മര്‍ദിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. എഴുത്തുകാരി തസ്ലിമ നസ്റീന്‍ അടക്കം നിരവധി പേര്‍ സംഭവത്തെ വിമര്‍ശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ