വാഷിങ്ടൺ: മദ്യം കഴിക്കാത്തതിന്റെയും പുകവലിക്കാത്തതിന്റെയും കാരണം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ പ്രസിഡന്റിന്റെ പൊതുജനാരോഗ്യ അടിയന്തര പ്രഖ്യാപനത്തിന്റെ കുറിപ്പ് പുറത്തിറക്കവേയാണ് മാധ്യമപ്രവർത്തകരോട് ലഹരി വസ്തുക്കൾ താൻ ഉപയോഗിക്കാത്തതിനെക്കുറിച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
”എനിക്ക് ഒരു സഹോദരനുണ്ടായിരുന്നു, ഫ്രഡ്. എന്നെക്കാൾ കാണാൻ മിടുക്കനും നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. പക്ഷേ അവൻ മദ്യപാനത്തിന് അടിമയായിരുന്നു. അവൻ എപ്പോഴും എന്നോട് മദ്യപിക്കരുത് എന്നു പറയുമായിരുന്നു. എന്നെക്കാൾ പ്രായത്തിൽ മുതിർന്നവനായിരുന്നു അവൻ. അതിനാൽതന്നെ അവന്റെ വാക്കുകൾ ഞാൻ കേട്ടു. മദ്യവും പുകവലിയും ജീവിതത്തിൽനിന്നും മാറ്റിനിർത്തി. ഫ്രഡ് കാരണമാണ് ഞാൻ അത് ചെയ്തതെന്നും ട്രംപ് പറഞ്ഞു.
അമിത മദ്യപാനം മൂലമാണ് 1981 ൽ ട്രംപിന്റെ സഹോദരൻ ഫ്രഡ് ട്രംപ് മരിച്ചത്. 43 വയസ്സായിരുന്നു. തന്റെ സഹോദരന്റെ മരണമാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ പങ്കുചേരാൻ ട്രംപിനെ ഇടയാക്കിയത്.