ദാദ്രി: തിങ്കളാഴ്ച രാത്രിയാണ് വധൂ പിതാവായ നാസര്‍ മുഹമ്മദ്‌ വരന്‍റെ പിതാവായ ഫര്‍മാന്‍ സൈഫിയെ വിളിച്ച് വിരുന്നിനു വരുന്നവരുടെ എണ്ണം കുറയ്ക്കണം എന്ന് അഭ്യര്‍ഥിക്കുന്നത്. ആദ്യം പറഞ്ഞുവെച്ചിരുന്ന ഇരുന്നൂറില്‍ നിന്നും പന്ത്രണ്ടുപേരിലേക്ക് വിരുന്നുകാരുടെ എണ്ണം കുറയ്ക്കപ്പെട്ടു. പോത്തിന്റെ ബിരിയാണി വെക്കാം എന്ന തീരുമാനത്തെ അവസാന നിമിഷം മാറ്റേണ്ടി വന്നതും അതിനു പകരം വിളമ്പാൻ ആവശ്യത്തിനു ചിക്കന്‍ കുര്‍മയും റോട്ടിയും ഇല്ലാത്തതും ആയിരുന്നു നാണംകെടുത്തുന്ന തീരുമാനം എടുക്കുന്നതിനു നാസറിനെ പ്രേരിപ്പിച്ചത്.

മകളുടെ വിവാഹത്തിനു ബീഫ് ബിരിയാണി വെക്കരുത് എന്ന് പോലീസുകാരുടെ നിര്‍ദേശമാണ് മകളുടെ നിക്കാഹിനു ചിക്കന്‍ വിഭവങ്ങള്‍ മതിയെന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ അമ്പതുകാരനായ നാസറിനെ പ്രേരിപ്പിച്ചത്. ആശാരിപണിയാണ് വധു ഗുലിസ്ഥാന്‍റെ പിതാവായ നാസറിന്‍റെ ഉപജീവനമാര്‍ഗ്ഗം. “എന്തൊരു നാണക്കേടാണ് ഇത്. നിക്കാഹ്  കുളമായി. ഈ നടന്ന സംഭവത്തില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണ്,” ഗുലിസ്ഥാന്‍റെ ഭര്‍തൃസഹോദരനായ റയീസ് പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ് സൈഫി ദാദ്രിയില്‍ എത്തിയത്. പുറത്ത്, മുഖത്തെ നീരസം ഒട്ടും ഒളിച്ചുവെക്കാതെ സൈഫി പറയുന്നു: “ഇനി ക്ഷണിക്കപ്പെട്ടിട്ടും എനിക്ക് കൊണ്ടുവരാന്‍ സാധിക്കാതിരുന്ന അതിഥികള്‍ക്കായി ഞാന്‍ തന്നെ മീററ്റില്‍ മറ്റൊരു സല്‍കാരം നടത്തേണ്ടി വരും. ചെലവ് പ്രതീക്ഷിച്ചത്തിലും ഒരുപാട് കുടുതലാകും. എന്ന് മാത്രമല്ല. ഭക്ഷണം പാകം ചെയ്യാനും ഒരുക്കങ്ങള്‍ക്കും ഒക്കെയായി അര ദിവസം മാത്രമാണ് ഞങ്ങള്‍ക്ക് ഉള്ളത്. ഞങ്ങള്‍ അവിടെയും ചിക്കന്‍ വിഭവം തന്നെയാവും പാകംചെയ്യുക.” മീററ്റ് നിവാസിയായ സൈഫി പറഞ്ഞു.

പതിനെട്ടു വയസ്സുകാരിയായ വധു ഗുലിസ്ഥാന്‍ കരഞ്ഞുകൊണ്ട്‌ അവളുടെ മുറിയില്‍ ഇരിക്കുകയാണ്. എന്തെങ്കിലും കഴിക്കുവാണോ സംസാരിക്കുവാനോ അവള്‍ തയ്യാറാവുന്നില്ല. ” വിവാഹത്തിനായി വരന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം കൂടി ഒരുക്കാന്‍ സാധിക്കുകയും ചെയ്തില്ല എന്ന് മാത്രമല്ല, വെറും ഇരുപതു പേരെയാണ് സല്‍കരിക്കാന്‍ സാധിച്ചത്. ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുക ? ” ഗുലിസ്ഥാന്‍റെ അമ്മായി, മെഹറൂനിസ ചോദിക്കുന്നു.

അതിഥികളും ഗ്രാമവാസികളും വരന്‍റെ കുടുംബാംഗങ്ങളും വന്നുകൊണ്ടിരിക്കെ കുശിനിക്കാരന്‍ ചിക്കന്‍ കുറുമയും നാനും പാകപ്പെടുത്തുന്നതിന്റെ തിരക്കിലാണ്. നിക്കാഹിന്‍റെ സല്‍ക്കാരം രണ്ടു മണിക്കാണ് ആരംഭിക്കുക. അതിനിടയില്‍ രണ്ടു പൊലീസുകാര്‍ അവിടെ എത്തിചേരുകയും സര്‍ക്കിള്‍ ഓഫീസര്‍ “അനുവാദം തന്നിട്ടുണ്ട്” സ്റ്റേഷന്‍ വരെ വരണം എന്ന് അറിയിക്കുകയും ചെയ്തു.

പൊലീസുകാരെ പാടെ അവഗണിച്ച നാസര്‍, അങ്ങോട്ടേക്ക് പിന്നീട് ചെല്ലാം എന്നറിയിച്ചു. “ഇനിയെന്ത് കാര്യം ? എല്ലാം കഴിഞ്ഞു.” വാരാന്ത്യം ഡല്‍ഹിയിലെ ഗാസിപൂര്‍ മാർക്കറ്റിൽ നിന്നും പോത്തിറച്ചി ഇറക്കിയ അറവുകടക്കാരനു ആറായിരം രൂപ കൊടുത്ത ശേഷമാണ് നാസര്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിചേരുന്നത്. “ഈ നിക്കാഹ് ഇങ്ങനെയായി തീരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞാല്‍ മതി എന്നേ എന്‍റെ മനസ്സിലുള്ളൂ.” കഴിഞ്ഞയാഴ്ച്ച തനിക്ക് ചെറിയൊരു ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് നാസര്‍ പറഞ്ഞു.

സാമ്പത്തിക  പരാധീനതകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് മകനേയും മകളേയും ഒരു ദിവസത്തിന്‍റെ ഇടവേളയില്‍ വിവാഹം ചെയ്തു കൊടുക്കാന്‍ നാസര്‍ തീരുമാനിക്കുന്നത്. തിങ്കളാഴ്ച്ച ഹാല്‍ദവാനിയില്‍ വച്ചായിരുന്നു മകന്‍റെ വിവാഹം. വധുവിന്‍റെ വീട്ടില്‍വച്ച് നടന്ന നിക്കാഹിനു ആകെ ചെലവായ കാശ് ചിക്കനു വേണ്ടിയാണ്. “ഉത്തര്‍ പ്രദേശില്‍ നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം വന്നതോടു കൂടെ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ അറവുശാലകള്‍ അടച്ചുപൂട്ടുകയുണ്ടായി. പോലീസിന്‍റെയും ഗോസംരക്ഷകാരുടെയും ചോദ്യം ചെയ്യലുകളെയും നാണക്കേടുകളേയും ഭയന്നിട്ടാണ് ഇത്. അതുകാരണം പല വിവാഹങ്ങളിലും കചോരിയും പച്ചക്കറി വിഭവങ്ങളും  നല്‍കുകയായിരുന്നു.

ദാദ്രി പോലീസ് സ്റ്റേഷനില്‍ നിന്നും ഒട്ടും അകലെയല്ല ഗുലിസ്ഥാന്‍റെ വിവാഹം നടക്കുന്ന ഗ്രീന്‍ പാര്‍ക്ക് കോളനി. ഗുലിസ്ഥാന്‍റെ നിക്കാഹിനു പോത്തിന്റെ മാംസം നല്‍കും എന്ന് അറിയിക്കാനായി ബന്ധുക്കള്‍ ഞായറാഴ്ച തന്നെ ദാദ്രി പോലീസ് സ്റ്റേഷനില്‍ ചെന്നിരുന്നു. പൊലീസ് അനുവാദം നിഷേധിക്കുക  മാത്രമല്ല, ഭീഷണിപ്പെടുത്തുക കൂടി ചെയ്തു എന്ന്  നാസറിന്റെ കുടുംബം ആരോപിക്കുന്നു.

“പോത്തിന്റെ മാംസം ഭക്ഷിക്കുന്നതില്‍ ഒരു തടസ്സവുമില്ല എന്ന് പറഞ്ഞ സര്‍ക്കിള്‍ ഓഫീസര്‍ ഞങ്ങളോട് തീരുമാനവുമായി മുന്നോട്ട് പോയ്ക്കോളൂ എന്ന് പറഞ്ഞു. എന്നാല്‍, സ്റ്റേഷനു പുറത്തുവച്ച് മറ്റൊരു പൊലീസ് ഓഫീസര്‍ ഭീഷണിയോടെ പറഞ്ഞത് വിരുന്നിനു ബീഫ് നല്‍കുകയാണ് എങ്കില്‍ ഭക്ഷണം മറിച്ചിടുകയും വിവാഹം അലങ്കോലപ്പെടുത്തുകയും ചെയ്യുമെന്നാണ്.” നാസറിന്‍റെ അളിയന്‍ നൂര്‍ മുഹമ്മദ്‌ പറഞ്ഞു.

എന്നാല്‍, പോത്തിറച്ചിയുടെ ‘വ്യക്തിപരമായ ഉപഭോഗത്തിനു അനുവാദം നല്‍കേണ്ട’ ആവശ്യമില്ല എന്ന് പറഞ്ഞ ദാദ്രി പൊലീസ് ഈ ആരോപണത്തെ നിഷേധിക്കുന്നു. “പോത്തിറച്ചി നിരോധിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ അതിന്‍റെ ഉപഭോഗത്തിനും അനുവാദം ആവശ്യമില്ല. കൃത്യമായ ലൈസന്‍സ് ഉള്ളവര്‍ മാത്രമാണ് ദാദ്രിയില്‍ മാട്ടിറച്ചി വില്‍ക്കുന്നത് എന്ന്  ഉറപ്പുവരുത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. പൊലീസിലെ ആരാണ് അവരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചത് എന്ന് അവര്‍ ഏതായാലും ഞങ്ങള്‍ക്ക് ചൂണ്ടികാണിച്ചു തന്നിട്ടില്ല,” സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പീയുഷ് കുമാര്‍ സിംഗ് പറഞ്ഞു.

കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പില്ല എന്നും നാസര്‍ ഭയം കാരണം അങ്ങനെയൊക്കെ വിളിച്ചുപറയുകയാണ്‌ എന്നുമാണ് സ്റ്റേഷന്‍ ഓഫീസര്‍ സഞ്ചയ്‌ ത്യാഗി പറയുന്നത്. “ഭയത്തെ എന്താണ് ചെയ്യാന്‍ സാധിക്കുക? അതെപ്പോഴും മനസ്സിന്റെ ഉള്ളിലാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ