റോം: അതിജീവനത്തിനും നല്ലൊരു ജീവിത്തിനും വേണ്ടി വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന അഭയാര്‍ത്ഥികളുടെ യാത്രയോട് സമാനമാണ് ജോസഫിന്റേയും മേരിയുടേയും ബെത്‍ലഹേമിലേക്കുളള യാത്ര എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഭൂമിയില്‍ തങ്ങള്‍ക്കായി ഒരു മുറി ഇല്ലെന്ന തോന്നല്‍ ആര്‍ക്കും ഇല്ലാതിരിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

റോമില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ചടങ്ങുകള്‍ക്കിടെയാണ് മാര്‍പ്പാപ്പയുടെ വാക്കുകള്‍. മേരിയും ജോസഫും സ്വീകരിക്കപ്പെടാത്ത ഇടത്തേക്കാണ് എത്തി പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ജോസഫിന്റേയും മേരിയുടേയും കാലടികള്‍ക്ക് പിന്നില്‍ മറ്റൊരുപാട് പേരുടെ കാലടികള്‍ ഉണ്ട്. നമ്മുടെ കാലത്ത് ഇടം നഷ്ടപ്പെട്ട മുഴുവന്‍ കുടുംബത്തിന്റേയും കാല്‍പാടുകള്‍ നമുക്ക് കാണാന്‍ കഴിയും. പോകാന്‍ മനസ്സില്ലാഞ്ഞിട്ടും സ്വന്തം വീട്ടില്‍ നിന്നും ഓടിപ്പോവേണ്ടി വരുന്ന ലക്ഷക്കണക്കിന് പേരുടെ കാല്‍പാടുകള്‍ നമുക്ക് കാണാന്‍ കഴിയും’, മാര്‍പാപ്പ പറഞ്ഞു.

‘പല സാഹചര്യങ്ങളിലും പ്രതീക്ഷയും പേറിയാണ് ഉറ്റവരുമായി വേര്‍പ്പെട്ട് പലരും നാട് വിടുന്നത്. നല്ലൊരു ഭാവി തേടിയുളള യാത്ര, ഈ വേര്‍പാടിനെ പലപ്പേഴും ഒരു വാക്ക് കൊണ്ട് മാത്രമേ നമുക്ക് സൂചിപ്പിക്കാന്‍ കഴിയുകയുളളു: അതിജീവനം’, മാര്‍പ്പാപ്പ പറഞ്ഞു.

ചില അഭയാര്‍ത്ഥികള്‍ മോഡേണ്‍ ഹെറോഡുമാരെ അതിജീവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരം ഉറപ്പിക്കാനും സമ്പത്ത് ഉണ്ടാക്കാനും പാവപ്പെട്ടവരുടെ രക്തം ചീന്താന്‍ ഒരു മടിയും ഇല്ലാത്തവരാണ് ഇത്തരം സ്വേച്ഛാധിപതികളെന്നും അദ്ദേഹം പറഞ്ഞു.

‘സ്വാഗതം ചെയ്യപ്പെടാത്ത ഇത്തരം സന്ദര്‍ശകരിലാണ് ദൈവസാന്നിധ്യം. പലപ്പോഴും നമുക്ക് അത് തിരിച്ചറിയാനാവില്ല. അവര്‍ നമ്മുടെ നഗരങ്ങളിലൂടേയും അയല്‍പക്കങ്ങളിലൂടേയും അലയുന്നു. അവര്‍ നമ്മുടെ ബസുകളില്‍ സഞ്ചരിക്കുകയും നമ്മുടെ വാതിലുകളില്‍ മുട്ടുകയും ചെയ്യുന്നു. നമുക്ക് അരികിലേക്ക് വരുന്നവരില്‍ യേശുവിനെ കാണാന്‍ നമുക്ക് കഴിയട്ടെ. ഭയത്തിന്റെ അധികാരം സഹാനുഭൂതിയുടെ അധികാരമാക്കി മാറ്റാനുളള സമയമാണ് ക്രിസ്മസ്’, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ