ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. നേരത്തേ ഇടത് പാളയത്തോട് ആഭിമുഖ്യം പുലർത്തി രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞ കമൽഹാസൻ സിപിഎമ്മിലേക്ക് വന്നേക്കുമെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് നടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഡിഎംകെ യോ അണ്ണാ ഡിഎംകെ യോ തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രധാന രാഷ്ട്രീയ സഖ്യ നീക്കങ്ങൾ നടത്തുന്നതിന് മുൻപ് തന്നെ തന്റെ നയം പ്രഖ്യാപിക്കാനാണ് താരത്തിന്റെ തീരുമാനം. ഫാൻസ് അസോസിയേഷനുകളുമായി സംസാരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ച് മടങ്ങിയ കമൽഹാസൻ താൻ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകിയിരുന്നു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കമൽഹാസന്റെ നീക്കം. സെപ്റ്റംബർ 15 ന് ചെന്നൈയിലും സെപ്റ്റംബർ 16 ന് കോഴിക്കോട് സിപിഎം പരിപാടിയിലും ഇത് സംബന്ധിച്ച കൂടുതൽ സൂചനകൾ കമൽഹാസൻ നൽകിയേക്കും.

ജനങ്ങളെ രാഷ്ട്രീയ ബോധമുള്ളവരാക്കണമെന്നാണ് കമൽഹാസൻ താത്പര്യപ്പെടുന്നതെന്നും സ്വന്തം നിലയിൽ ഭരണത്തിന്റെ തലപ്പത്തേക്ക് എത്തിച്ചേരാനല്ല താരം മുൻഗണന നടത്തുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook