ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് എതിരെ അലോക് വർമ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ സിബിഐയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തിന് പുറത്ത് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും. രാവിലെ 11 മണിക്കാണ് പ്രതിഷേധം നടക്കുക.
തന്നെ സ്ഥാനത്ത് നിന്ന് നീക്കിയ പേഴ്സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റേയും (സിവിസി) നടപടി നിയമവിരുദ്ധമാണെന്ന് അലോക് വർമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തുകയാണ് സര്‍ക്കാര്‍ എന്ന് അലോക് വർമ്മ ആരോപിക്കുന്നു. സര്‍ക്കാരിന് അതൃപ്തികരമായ കേസുകള്‍ അന്വേഷിക്കുന്നതിനാലാണ് നടപടിയെന്നും ഹര്‍ജിയില്‍ വർമ്മ ആരോപിക്കുന്നുണ്ട്.
സുപ്രധാന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി ഹര്‍ജിയില്‍ അലോക് വർമ്മ പറയുന്നു. സിബിഐയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത് ചില പ്രത്യേക കേസുകളാണെന്നും അവയെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും അലോക് വർമ്മ അറിയിച്ചു.
കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായി ആരോപിച്ച്, സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിക്കുന്നു. അഡ്വ.ഗോപാല്‍ ശങ്കരനാരായണന് വഴിയാണ്, ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ അലോക് വർമ്മയുടെ ഹര്‍ജി മെന്‍ഷന്‍ ചെയ്തിരിക്കുന്നത്.