scorecardresearch
Latest News

ബുലന്ദ്ഷഹര്‍ കൊലപാതകം: പൊലീസുകാരനെ മഴു കൊണ്ട് വെട്ടിയ പ്രതി പിടിയില്‍

ഇയാള്‍ പൊലീസുകാരനെ മഴു കൊണ്ട് ആദ്യം വെട്ടി. ഒഴിഞ്ഞ് മാറിയപ്പോള്‍ മഴു കൊണ്ട് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അറ്റു

ബുലന്ദ്ഷഹര്‍ കൊലപാതകം: പൊലീസുകാരനെ മഴു കൊണ്ട് വെട്ടിയ പ്രതി പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറെ മരിക്കും മുമ്പ് മഴു കൊണ്ട് ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാലുവ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നത്. നേരത്തെ പിടിയിലായ ഡല്‍ഹിയിലെ ഒല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നട്ട് എന്നയാളാണ് കാലുവയെ കുറിച്ചുളള വിവരം നല്‍കിയത്.

സുബോധ്കുമാറിന്‍റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത പ്രശാന്ത് അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. പൊലീസുകാരനെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോയില്‍ പ്രശാന്ത് ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാറിനെതിരെ അക്രമം നടന്നത്. കാലുവ ആള്‍ക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ പൊലീസുകാരനെ മഴു കൊണ്ട് ആദ്യം വെട്ടി. ഒഴിഞ്ഞ് മാറിയപ്പോള്‍ മഴു കൊണ്ട് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അറ്റു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ തലയ്ക്ക് അടിച്ച് താഴെ ഇട്ടുവെന്നും നേരത്തെ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാറിനെ പിന്നീട് വലിച്ചിഴച്ച് കൊണ്ടുവന്ന് വടികള്‍ കൊണ്ട് തല്ലി. ശേഷമാണ് പ്രശാന്ത് പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നത്. ഇടത് പുരികത്തിന് മുകളില്‍ പോയന്റ് ബ്ലാങ്കിലാണ് വെടിവച്ചത്. മറ്റ് പൊലീസുകാര്‍ സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ കല്ലേറുണ്ടായി. തുടര്‍ന്ന് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ജീപ്പിന് തീയിടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ സുബോധിനെ വലിച്ച് പുറത്തിട്ടു.

അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. അഖ്‍ലാഖ് വധക്കേസിൽ 18 പേരെ പ്രതിചേർത്ത് കുറ്റപത്രം നല്‍കിയ ഇൻസ്പെക്ടറെ മാത്രം ജനക്കൂട്ടം തിരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബജ്‌റംഗ്‌ദള്‍ നേതാവ് യോഗേഷ് രാജിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപമുണ്ടായത്. മുസ്‌ലിങ്ങള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ പ്രചാരണം നടത്തിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: In bulandshahr cops murder accused who attacked him with axe arrested