പാറ്റ്‌ന: കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ഇരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ നടപടി. ബിഹാറിലെ വൈശാലി ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ജിഎ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.

ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ദളിത്, ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും മുന്നോക്ക ജാതിയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും വേറെ വേറെ ക്ലാസുകളായിരുന്നു സ്‌കൂളില്‍ നിലനിന്നിരുന്നത്. ഇതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് വ്യക്തമായി. ഇതോടെയാണ് നടപടി.

കുറ്റം തെളിഞ്ഞതോടെ പ്രിന്‍സിപ്പാള്‍ മീനാകുമാരിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, വിദ്യാര്‍ഥികളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിച്ച് ഇരുത്തുന്ന ശീലം സ്‌കൂളില്‍ ഇല്ലെന്നാണ് മീനാകുമാരി പറയുന്നത്.

ഹിന്ദു-മുസ്ലിം വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രത്യേക ക്ലാസ് മുറികളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ ഹാജര്‍പട്ടിക പരിശോധിച്ചപ്പോള്‍ വേര്‍തിരിവുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു ഹാജര്‍പട്ടികയും തയ്യാറാക്കിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook