/indian-express-malayalam/media/media_files/uploads/2022/09/Ayodhya.jpg)
രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന പിങ്ക് മണൽക്കല്ലുകൾ വൃത്തിയാക്കുന്നു, തെരുവുകൾ വീതികൂട്ടുന്നു; പുതിയ ഔട്ടർ റിങ് റോഡിന് അംഗീകാരം ലഭിച്ചു, നവീകരിച്ച റെയിൽവേ സ്റ്റേഷനോടൊപ്പം ഒരു രാജ്യാന്തര വിമാനത്താവളം വരുന്നു, സരയൂവിൽ ഒരു റിവർ ക്രൂയിസ് പ്ലാൻ ചെയ്യുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന അയോധ്യ വികസനത്തിന്റെ പാതയിലാണ്.
രാമക്ഷേത്രത്തിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ ഇനി ഒരു വർഷം കൂടിയേ വേണ്ടിവരൂ. അയോധ്യയിലെ ഭൂരിഭാഗം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
ഞായറാഴ്ച ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർദിഷ്ട പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഡിവിഷണൽ കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ്, മുനിസിപ്പൽ കമ്മീഷണർ എന്നിവരോട് പതിവായി യോഗം ചേരാനും പദ്ധതികളുടെ പുരോഗതി വിലയിരുത്താനും അദ്ദേഹം നിർദേശിച്ചു. യുപി സർക്കാരിന്റെ കണക്കനുസരിച്ച് 252 പദ്ധതികളാണ് അയോധ്യയിൽ ഇപ്പോൾ നടക്കുന്നത്.
''2023 ഡിസംബറോടെ രാംലല്ല സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴേക്കും ക്ഷേത്രത്തിന്റെ താഴത്തെ നില പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഭക്തരുടെ എണ്ണം ഇതിനോടകം തന്നെ വർധിച്ചു,'' ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഏകദേശം 40 ശതമാനം ജോലികളും പൂർത്തിയായതായി മിശ്ര പറഞ്ഞു. രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ കേന്ദ്രസർക്കാരാണ് ട്രസ്റ്റ് രൂപീകരിച്ചത്.
അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ നഗരം തികച്ചും പുതിയ രൂപഭാവം കൈവരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണ ദിവസങ്ങളിൽ 2 ലക്ഷം വരെയും പ്രത്യേക ദിവസങ്ങളിൽ 5 ലക്ഷം വരെയും ഭക്തർ എത്തിച്ചേരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ ഒരു ദിവസം ശരാശരി 50,000 ഭക്തരാണ് താൽക്കാലിക രാമക്ഷേത്രം സന്ദർശിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2022/09/Ayodhya1.jpg)
പാതകൾ: മൂന്ന് പ്രധാന പാതകളുണ്ട്: സുഗ്രീവ് കില വഴി രാമക്ഷേത്രത്തെ നയാ ഘട്ടുമായി ബന്ധിപ്പിക്കുന്നതിന് ശ്രീരാമ ജന്മഭൂമി പാത (5.77 കി.മീ.); ഹനുമാൻ ഗർഹി വഴി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡിനെ ബന്ധിപ്പിക്കുന്നതിന് ഭക്തി പാത (850 മീറ്റർ); സാദത്ഗഞ്ചിനെ രാമജന്മഭൂമിയുമായി ബന്ധിപ്പിക്കുന്നതിനുള്ള രാം പാത (12.9 കി.മീ). ഭക്തിപാതയ്ക്കായുള്ള സ്ഥലമേറ്റെടുക്കലും കെട്ടിടങ്ങൾ പൊളിക്കലും നടന്നുവരികയാണ്. വിവിധ സ്ഥലങ്ങളിൽ കുറഞ്ഞത് അഞ്ച് മൾട്ടി ലെവൽ പാർക്കിങ് സ്ഥലങ്ങളെങ്കിലും ഒരുക്കുന്നുണ്ട്.
റോഡുകളും ഹൈവേകളും: ലക്‌നൗ-ഗോരഖ്പൂർ ഹൈവേയിലെ തിരക്ക് പരിഹരിക്കാൻ, ഗ്രീൻഫീൽഡ് പ്രോജക്ടിന്റെ ഭാഗമായി 65 കിലോമീറ്റർ ഔട്ടർ റിങ് റോഡ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിക്കും. അയോധ്യ, ഗോണ്ട, ബസ്തി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന നാലുവരി റിങ് റോഡിന്റെ പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ് 2,500 കോടി രൂപയാണ്.
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ജനുവരിയിൽ തറക്കല്ലിട്ട 8,698 കോടി രൂപയുടെ ഹൈവേ പദ്ധതികളുടെ ഭാഗമാണ് റിങ് റോഡ്. അയോധ്യ, അംബേദ്കർ നഗർ, ബരാബങ്കി, ഗോണ്ട, ബസ്തി ജില്ലകളിലൂടെ കടന്നുപോകുന്ന 84-കോസി പരിക്രമ മാർഗും 230 കിലോമീറ്റർ പാതയിൽ ഉൾപ്പെടുന്നു. 4,000 കോടി രൂപയുടെ പദ്ധതി 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യാന്തര വിമാനത്താവളം: ലക്‌നൗ-ഗോരഖ്പൂർ ഹൈവേയ്ക്ക് സമീപമുള്ള മര്യാദ പുർഷോത്തം ശ്രീറാം രാജ്യാന്തര വിമാനത്താവളത്തിനായി 318 ഏക്കർ കൈമാറുന്നതിന് ഏപ്രിലിൽ യുപിയിലെ സിവിൽ ഏവിയേഷൻ വകുപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എഎഐ) പാട്ടക്കരാർ ഒപ്പുവച്ചു. “ഇതൊരു 821 ഏക്കർ പദ്ധതിയാണ്, അതിൽ 793 ഏക്കർ ഏറ്റെടുത്തു, ആദ്യ ഘട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു,” അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ 100 കോടി രൂപ ചെലവിൽ 2200 മീറ്റർ റൺവേ വികസിപ്പിക്കുമെന്ന് ജോയിന്റ് ജനറൽ മാനേജർ (സിവിൽ-ഇഐസി), എഎഐ, പ്രോജക്ട് ഇൻചാർജ് രാജീവ് കുൽശ്രേഷ്ഠ എന്നിവർ പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ: അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ ഈ വർഷം ഡിസംബറോടെ മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകളുമായി വിപുലീകരിക്കും. ലാൻഡ്സ്കേപ്പിംഗും മറ്റൊരു റെയിൽവേ ട്രാക്കിന്റെ വികസനവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുക. 200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ടൗൺഷിപ്പ്: യുപി ഹൗസിങ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡ് 1,200 ഏക്കർ സ്ഥലത്ത് "നവ് അയോധ്യ" ടൗൺഷിപ്പ് വികസിപ്പിക്കും, അവിടെ സംസ്ഥാന ഗസ്റ്റ് ഹൗസുകൾ നിർമ്മിക്കും. റോഡ്, മലിനജലം, ഡ്രെയിനേജ് സംവിധാനം എന്നിവ വികസിപ്പിച്ച ശേഷം റെസിഡൻഷ്യൽ പ്ലോട്ടുകൾക്കൊപ്പം ഹോട്ടലുകൾക്കായി ഭൂമി ലേലം ചെയ്യും.
റിവർ ക്രൂയിസ്: സരയൂ നദിയിലെ നയാ ഘട്ട് മുതൽ ഗുപ്തർ ഘട്ട് വരെയുള്ള 9 കിലോമീറ്റർ ദൂരത്തിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ഇരട്ട നില ക്രൂയിസ് ബോട്ട് സവാരി ഒരുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുമാർ പറഞ്ഞു. ഈ പദ്ധതിയുടെ തുടക്കം അടുത്ത മാസം ആരംഭിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുമാർ പറഞ്ഞു.
മറ്റ് പദ്ധതികൾ: ഒരു ഡിഗ്രി കോളേജ് (245 കോടി രൂപ), മലിനജല സംവിധാന വികസനം (243 കോടി രൂപ), ജലവിതരണ പദ്ധതി (417 കോടി രൂപ), പവർ സ്റ്റേഷനുകൾ (180 കോടി രൂപ), ഭൂഗർഭ കേബിളിംഗ് (179 കോടി രൂപ) എന്നിവ ഉൾപ്പെടുന്നു. 2023 മാർച്ചോടെ നവീകരണത്തിനായി 181 പാതകളെങ്കിലും കണ്ടെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.