ന്യൂഡൽഹി: ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതായി സുപ്രീം കോടതി. മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിനെതിരായ കുറ്റം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു. എഫ്.ഐ.ആറും ആത്മഹത്യയ്ക്ക് പ്രേരണാ കുറ്റത്തിന്റെ ഘടകങ്ങളും തമ്മിൽ പരസ്പര ബന്ധമില്ലെന്നും വിധി ന്യായത്തിൽ സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി അതിന്റെ അധികാരം വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അര്‍ണബ് ഗോസ്വാമിക്ക് ആത്മഹത്യാ പ്രേരണ കേസില്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ ആണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്

വ്യക്തിസ്വാതന്ത്ര്യം വെട്ടിക്കുറച്ചാൽ നീതിയുടെ വഞ്ചനയായിരിക്കുമെന്ന് കാണിച്ചാണ് നവംബർ 11 ന് സുപ്രീം കോടതി ഗോസ്വാമിക്ക് ഇടക്കാല ജാമ്യം നൽകിയത്.

“സംസ്ഥാന സർക്കാർ അധികാരം ദുരുപയോഗം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കാണിച്ച ഒരു പൗരന് നേരെ ഈ കോടതിയുടെ വാതിലുകൾ അടയ്ക്കാൻ കഴിയില്ല,” സുപ്രീം കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നവംബർ 4 നാണ് ഗോസ്വാമി അറസ്റ്റിലായത്. നവംബർ നാലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നവംബർ ഒൻപതിന് അലിബാഗിലെ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

“2020 ഏപ്രിൽ മുതൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളാണ് തന്നെ ലക്ഷ്യമിടുന്നതിന്റെ കാരണമെന്ന് അർണബ് ഗോസ്വാമി പ്രസ്താവിച്ചു. എന്നാൽ ഇവിടെ, ഭരണഘടനാ മൂല്യങ്ങളുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷകൻ എന്ന നിലയിൽ ഹൈക്കോടതി അതിന്റെ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തി. ക്രിമിനൽ നിയമം ചില പൗരന്മാരെ ഉപദ്രവത്തിനുള്ള ഉപകരണമായി മാറരുത്,” സുപ്രീം കോടതി പറഞ്ഞു.

ഒരു ദിവസം സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലും പല ദിവസങ്ങളില്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നത് പോലെ ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതും ജില്ലാ കോടതികള്‍ മുതല്‍ സുപ്രീം കോടതിയുടെ വരെ ചുമതലയാണെന്നും കോടതി പറഞ്ഞു.

Read More: കര്‍ഷക മാര്‍ച്ച് തുടരുന്നു; ഹരിയാന അതിര്‍ത്തിയില്‍ ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook