ന്യൂഡല്‍ഹി : പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയും ആയിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
മൊഹാലിയിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സില്‍ സംഘടിപ്പിച്ച നേതൃപരിശീലനക്കളരിയില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
വിദ്യാര്‍ഥികളോട് തങ്ങളുടെ പാരമ്പര്യത്തെ കുറിച്ച് അഭിമാനം കൊള്ളണം എന്നു ആവശ്യപ്പെട്ട വെങ്കയ്യ നായിഡു. “മറ്റൊരാള്‍ക്ക് നിങ്ങളുടെ മാതൃഭാഷ അറിയാത്ത സാഹചര്യത്തില്‍ മാത്രം മറ്റു ഭാഷകള്‍ സംസാരിച്ചാല്‍ മതി” എന്നും പറഞ്ഞു.
“മികച്ച ഭരണം കാഴ്ചവെച്ചു എന്നതിനാലാണ് രാമരാജ്യം ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടമായി ഇപ്പോഴും വാഴ്ത്തപ്പെടുന്നത്. എന്നാല്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുകയാണ് എങ്കില്‍ അതിനു വര്‍ഗീയതയുടെ നിറം കൊടുക്കുകയാണ്.” ഉപരാഷ്ട്രപതി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സമൂഹം എക്കാലത്തും മറ്റുള്ള വീക്ഷണങ്ങളോടും നാനാത്വങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്നതാണെന്നും ഇതാണ് ഈ രാഷ്ട്രത്തിന്‍റെ സൗന്ദര്യവും എന്ന് പറഞ്ഞ വെങ്കയ്യ നായിഡു. ” നമ്മുടെ ഭരണഘടന ജാതി മത ഭേദമന്യേ ഒരാള്‍ക്ക് സ്വന്തം വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇവിടെ മതനിരപേക്ഷത ശക്തമായി നില്‍ക്കുന്നത് ഭരണഘടന കാരണമല്ല. ഇന്ത്യയ്ക്കാരുടെ ഡിഎന്‍എയില്‍ അതുള്ളത് കൊണ്ടാണ്. ഈ സമൂഹത്തില്‍ അസഹിഷ്ണുത വളരുന്നതായി ഒരിക്കലും പറയാന്‍ സാധിക്കില്ല” എന്നും കൂട്ടിചേര്‍ത്തു.