ന്യൂഡൽഹി: ജവാന്മാർ കഴിക്കുന്ന മോശം ഭക്ഷണത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ബിഎസ്എഫ് ജവാൻ വീണ്ടും വീഡിയോ ദൃശ്യങ്ങളുമായി രംഗത്ത്. പുതുതായി പുറത്തുവന്ന ദൃശ്യത്തിൽ, തനിക്കെന്തു കൊണ്ട് നീതി ലഭിക്കുന്നില്ലെന്ന ചോദ്യമാണ് പ്രധാനമന്ത്രിയോട് തേജ് ബഹാദൂർ ചോദിക്കുന്നത്.

“എല്ലാവരോടുമായി ഞാൻ ആവശ്യപ്പെടുകയാണ്, എന്തുകൊണ്ടാണ് ഞാൻ പീഡിപ്പിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രിയോട് ചോദിക്കുക.” ദൃശ്യം പുറത്തുവിട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അഴിമതി തടയുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും, സൈന്യത്തിനകത്തെ അഴിമതി ചൂണ്ടിക്കാട്ടിയ തേജ് ബഹാദൂറിന്റെ ഇപ്പോഴത്തെ സ്ഥിതിയും തമ്മിലുള്ള വ്യത്യാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ജനവരിയിലാണ് തേജ് ബഹാദൂർ ആദ്യം സൈന്യത്തിലെ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തെത്തിച്ചത്. തനിക്കനുവദിച്ച ചപ്പാത്തിയും പരിപ്പുകറിയും പകർത്തിയ ദൃശ്യത്തിലാണ് കൊടുംതണുപ്പിൽ അനുഭവിക്കുന്ന യാതനകളെ കുറിച്ച് പറഞ്ഞത്. എന്നാൽ പിന്നീട്, ഇദ്ദേഹത്തിന്റെ ഫോൺ സൈന്യം പിടിച്ചെടുത്തിരുന്നു. പുതിയ വീഡിയോ ദൃശ്യത്തിൽ ഈ ഫോണിൽ പാക്കിസ്ഥാനിലെ ആളുകളുടെ ഫോൺ നന്പറുകൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായി തേജ് ബഹാദൂർ ആരോപിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടാമത്തെ വീഡിയോ ഗുരുതര അച്ചടക്ക ലംഘനമായാണ് കണ്ടിരിക്കുന്നത്.

 

 

നേരത്തേ തേജ് ബഹാദൂർ യാദവിനെ കുറിച്ച് വിവരമില്ലെന്ന് കാട്ടി ഭാര്യ ശർമ്മിള ദേവി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യം പുറത്തുവന്ന ശേഷം ജവാന്റെ മൊബൈൽ ഫോൺ സൈന്യം വാങ്ങിച്ചിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾക്ക് ഇദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഫെബ്രുവരി 10 ന് ശർമിള ദേവിക്ക് തേജ് ബഹാദൂറിനെ കാണാനും രണ്ട് ദിവസം ഒപ്പം താമസിക്കാനും കോടതി അനുമതി നൽകി. പിന്നീട് ഭർത്താവിനെ കാണാൻ സാധിച്ചതായി ഫെബ്രുവരി 15 ന് ഇവർ ഇതേ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തേജ് ബഹാദൂർ യാദവിന്റെ കുടുംബമാണ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ