ന്യൂഡല്‍ഹി: ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 27, 28 തീയതികളില്‍ നടക്കുന്ന എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രണ്ട് മന്ത്രിമാരും പങ്കെടുക്കും. ഇന്ത്യ, റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവയാണ് എസ്‌സിഒ സമ്മേളനം അംഗരാജ്യങ്ങള്‍.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തീവ്രവാദം, പ്രാദേശിക സുരക്ഷ, അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിനെ ഇന്ത്യ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അതേസമയം എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് ശേഷം മെയ് 5 ന് ഗോവയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുക്കും.
ഈ ആഴ്ച ആദ്യം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന ഭീകരാക്രമണം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തിലേക്ക് അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുകയാണെങ്കില്‍ ഈ സന്ദര്‍ശനങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. 2020ലെ ഗാല്‍വാന്‍ താഴ്വര സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ലീ ഡല്‍ഹി സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സെയില്‍ ചൈനീസ് സൈനികരും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു
കഴിഞ്ഞ വര്‍ഷം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രതിരോധ മന്ത്രി ഷോയിഗുവിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്. 24-ാമത് ഇന്ത്യ-റഷ്യ ചര്‍ച്ചകള്‍ക്കായി റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവിന്റെ സന്ദര്‍ശനം പോലുള്ള ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ഇടപെടലുകളുടെ ഒരു പരമ്പരയ്ക്കിടയിലാണ് സന്ദര്‍ശനം.