ഡെറാഡൂൺ: ചായയ്ക്കും ലഘുഭക്ഷണത്തിനുമായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ 9 മാസത്തിനിടെ ചെലവാക്കിയത് 68 ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് നയിക്കുന്ന ബിജെപി സർക്കാരാണ് അധികാരത്തിലിരിക്കുന്നത്.

ആക്ടിവിസ്റ്റ് ഹേമന്ത് സിങ് ഗൗനിയ ആണ് ബിജെപി സർക്കാർ ചായയ്ക്കും ലഘുഭക്ഷണത്തിനും ചെലവാക്കിയ തുകയെക്കുറിച്ച് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയത്. ഇതിനുളള മറുപടിയിലാണ് സർക്കാർ 9 മാസത്തിനിടെ 68,59,865 രൂപ ചെലവാക്കിയതായി വിവരം ലഭിച്ചത്.

അതിഥികളെ സ്വീകരിക്കുന്ന അവസരത്തിൽ ചായയും ലഘുഭക്ഷണവും നൽകാനായി മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരുമാണ് തുക ചെലവാക്കിയത്. അതേസമയം, ഇത് വലിയ തുകയല്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബിജെപി നേതാവ് വീരേന്ദർ ബിസ്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ