ന്യൂഡൽഹി: 2020 ൽ രാജ്യത്ത് 1,60,618 കോവിഡ് മരണങ്ങൾ ഉണ്ടായതായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) യുടെ ഡേറ്റ. കൂടാതെ രാജ്യത്തെ മൊത്തം, 18.11 ലക്ഷം മെഡിക്കലി സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ 8.9 ശതമാനവും കോവിഡ് മൂലമാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020ൽ ദേശീയതലത്തിൽ മെഡിക്കലി സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ നാലാം സ്ഥാനത്താണ് കോവിഡ്. എന്നാൽ മഹാരാഷ്ട്ര (17.7 ശതമാനം), മണിപ്പൂർ (15.7 ശതമാനം), ഉത്തർപ്രദേശ് (15 ശതമാനം), ഹിമാചൽ പ്രദേശ് (13.5 ശതമാനം), ആന്ധ്രാപ്രദേശ് (12 ശതമാനം), പഞ്ചാബ് (11.9 ശതമാനം), ജാർഖണ്ഡ് (7.6 ശതമാനം) എന്നി ഏഴ് സംസ്ഥാനങ്ങളിൽ കോവിഡാണ് രണ്ടാം സ്ഥാനത്ത്.
2020ൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണസംഖ്യ ( 1,48,994)യേക്കാൾ കൂടുതലാണ് 2020ൽ റിപ്പോർട്ട് ചെയ്ത മെഡിക്കലി സാക്ഷ്യപ്പെടുത്തിയ കോവിഡ് മരണസംഖ്യ (1,60,618). കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മഹാമാരിയുടെ തുടക്കം മുതൽ 2022 മെയ് 25 വരെ ഇന്ത്യയിൽ 5,24,507 മരണങ്ങൾ കോവിഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ 2020ലെ മെഡിക്കലി സാക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കണക്കെടുക്കുന്നതിനായി മറ്റൊരു ഗ്രൂപ്പിനെ നിയോഗിച്ചിരുന്നു. കോവിഡ് മരണങ്ങളെ രണ്ടായിട്ടാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. ഒന്ന് ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചതും മറ്റൊന്ന് അല്ലാതെയുള്ളതും.
1,60,618 കോവിഡ് മരണങ്ങളിൽ, 1,38,713 മരണങ്ങളിൽ വൈറസ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്, അതേസമയം 21,905 കേസുകളിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
2020-ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്ര (61,212), ഉത്തർപ്രദേശ് (16,489), കർണാടക (15,476), ആന്ധ്രാപ്രദേശ് (12,193), ഡൽഹി (8,744) എന്നീ സംസ്ഥാനങ്ങളിലാണ്. അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിൽ 2020-ൽ മെഡിക്കൽ സാക്ഷ്യപ്പെടുത്തിയ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, ദേശീയ തലത്തിലുള്ള മെഡിക്കലി സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ 32.1 ശതമാനവും രക്തചംക്രമണ സംവിധാനത്തിനെ ബാധിക്കുന്ന രോഗങ്ങൾ മൂലം ഉള്ളതാണ്.
Also Read: തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കിയെന്ന കേസ്; യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്