ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ പൊറുതി മുട്ടിയ ജനം സ്വാതന്ത്ര്യത്തിന് വേണ്ടി നിലവിളിക്കുന്നതാണ് കേള്‍ക്കുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി.

കഴിഞ്ഞ ദിവസം മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിന്നും ‘രക്ഷിക്കൂ.. രക്ഷിക്കൂ’ എന്ന കരച്ചില്‍ കേള്‍ക്കുന്നെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിനെതിരെയാണ് രാഹുല്‍ തിരിച്ചടിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ പരിഹസിച്ച മോദിയുടെ വാക്കുകള്‍ തന്നെ തിരിച്ച് പ്രയോഗിച്ചിരിക്കുകയാണ് രാഹുല്‍.

”തൊഴില്‍ രഹിതരായ യുവാക്കളുടേതാണ് ആ കരച്ചില്‍. ദുരിതത്തിലായ കര്‍ഷകരുടേതാണ്, അടിച്ചമര്‍ത്തപ്പെട്ട ദളിതരുടേയും ആദിവാസികളുടേതുമാണ്, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്റേതാണ്, എല്ലാം നശിച്ച ചെറുകിട വ്യാപാരികളുടേതാണ് രക്ഷിക്കാന്‍ വേണ്ടിയുള്ള ആ കരച്ചില്‍. നിങ്ങളുടെ സ്വേച്ഛാധിപത്യത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള നിലവിളിയാണത്” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നൂറ് ദിവസത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും രാഹുല്‍ പറഞ്ഞു. ‘യുവര്‍ ഹൈനസ്’ എന്നായിരുന്നു രാഹുല്‍ ട്വീറ്റില്‍ മോദിയെ അഭിസംബോധന ചെയ്തിരുന്നത്. റാലിയില്‍ ഇരുപതിലധികം ദേശീയ നേതാക്കളാണ് പങ്കെടുത്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook