/indian-express-malayalam/media/media_files/2026/02/04/court-2026-02-04-08-13-44.jpg)
Source: AI Image
ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ഗുരുതരമായ വിടവുകൾ ചൂണ്ടിക്കാട്ടി പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ വിവിധ വിചാരണ കോടതികൾ 1,310 പേർക്ക് വധശിക്ഷ വിധിച്ചപ്പോൾ, ഇതിൽ വെറും 70 എണ്ണം മാത്രമാണ് ഹൈക്കോടതികൾ ശരിവെച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയിലെ 'സ്ക്വയർ സർക്കിൾ ക്ലിനിക്ക്' നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
Also Read: മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ബംഗ്ലാദേശിലും പ്രകമ്പനം
വിചാരണ കോടതികൾ നൽകിയ 1,310 വധശിക്ഷകളിൽ വെറും 70 എണ്ണം (ഏകദേശം 5% മാത്രം) മാത്രമാണ് ഹൈക്കോടതികൾ അംഗീകരിച്ചത്. ഇത് വിചാരണാ വേളയിലെ പിഴവുകളിലേക്കും അനാവശ്യമായ ശിക്ഷാവിധികളിലേക്കും വിരൽ ചൂണ്ടുന്നതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഹൈക്കോടതികൾ ശരിവെച്ച 70 കേസുകളിൽ 38 എണ്ണത്തിൽ സുപ്രീം കോടതി വിധി പറഞ്ഞെങ്കിലും, ഒന്നിൽ പോലും വധശിക്ഷ നിലനിർത്തിയില്ല. കഴിഞ്ഞ മൂന്ന് വർഷമായി (2023-2025) സുപ്രീം കോടതി ഒരാൾക്ക് പോലും വധശിക്ഷ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് രാജ്യത്ത് 574 പേരാണ് വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നത്. 2016-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2025-ൽ മാത്രം വിചാരണ കോടതികൾ 128 പേർക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും ജയിലിലെ പെരുമാറ്റം വിലയിരുത്തണമെന്നും 2022-ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, 2025-ലെ വിചാരണ കോടതി വിധികളിൽ 95 ശതമാനത്തിലും ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read: നിയമം അനുസരിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകൂ; വാട്‌സാപ്പിനും മെറ്റയ്ക്കും എതിരെ സുപ്രീം കോടതി
പല കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന അതേ ദിവസം തന്നെ ശിക്ഷാ വിധിയും പുറപ്പെടുവിക്കുന്ന രീതി തുടരുന്നു. പ്രതിഭാഗത്തിന് മതിയായ വാദങ്ങൾ നിരത്താനോ സാഹചര്യങ്ങൾ ബോധിപ്പിക്കാനോ സമയം ലഭിക്കുന്നില്ല. 2025-ൽ വിചാരണ കോടതികൾ വധശിക്ഷ വിധിച്ച കേസുകളിൽ 25 ശതമാനത്തിലധികം പേരെ പിന്നീട് ഹൈക്കോടതികൾ കുറ്റവിമുക്തരാക്കി.
വധശിക്ഷകൾ കുറയ്ക്കുന്നതിനും ജീവപര്യന്തം ശിക്ഷകളിലേക്ക് മാറുന്നതിനും ഉന്നത കോടതികൾ മുൻഗണന നൽകുമ്പോൾ, വിചാരണ കോടതികൾ വധശിക്ഷാ പരിധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ട് വിമർശിക്കുന്നു. കേരളം, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വധശിക്ഷ കാത്തുകിടക്കുന്ന പ്രതികൾ കൂടുതലായുള്ളത്.
Read More: ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം 8 എംപിമാർക്ക് സസ്‌പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us