ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി. ഉടന്‍ തന്നെ ഇമ്രാന്‍ ഖാനെ മോചിതനാക്കണമെന്നും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ഉമര്‍ അത ബന്ദ്യാല്‍, ജസ്റ്റിസ്‍ മുഹമ്മദ് അലി മസര്‍, അതല്‍ മിനല്ല എന്നിവരടങ്ങിയ ബെഞ്ചാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ചെയർമാന്‍ കൂടിയായ ഇമ്രാന്‍ ഖാനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്.
അൽ ഖാദിർ ട്രസ്റ്റ് കേസിൽ തന്റെ അറസ്റ്റിനെതിരെ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ബെഞ്ച്, ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് മുന്‍ പ്രധാനമന്ത്രിയെ കസ്റ്റഡിയിലെടുത്തതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
കോടതി വീണ്ടും ചേരുമ്പോൾ ഇമ്രാന്‍ ഖാനെ പ്രാദേശിക സമയം വൈകിട്ട് നാലരയ്ക്ക് ഹാജരാക്കാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോട് (എൻഎബി) ബെഞ്ച് നിർദേശിച്ചിരുന്നു.
കനത്ത സുരക്ഷയിലാണ് ഇമ്രാന്‍ ഖാനെ കോടതിയില്‍ ഹാജരാക്കിയത്.
ഇമ്രാന്‍ ഖാനെ പ്രവേശിപ്പിച്ച ശേഷം കോടതി മുറി അടച്ചു. തുടര്‍ന്നായിരുന്നു കോടതി കേസ് പരിഗണിച്ചത്.
ഇമ്രാനെ കാണാനായതില്‍ സന്തോഷമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കരുതുന്നതെന്നും ഹൈക്കോടതി കേസ് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കണമെന്നം കോടതി വ്യക്തമാക്കി.
നേരത്തെ ഇമ്രാന്റെ അറസ്റ്റില്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എങ്ങനെയാണ് ഒരാളെ കോടതി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്യാനാകുക എന്ന് കോടതി ചോദിച്ചു. ഇമ്രാന്‍ ഖാന്‍ കോടതി പരിസരത്ത് എത്തിയിരുന്നതായി ജസ്റ്റിസ് മിനല്ലയും നിരീക്ഷിച്ചു.
“എങ്ങനെ ഒരാൾക്ക് നീതി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാകും?” അദ്ദേഹം ചോദിച്ചു.
കോടതി രജിസ്ട്രാറുടെ അനുമതിയില്ലാതെ ആരെയും കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.
ഇമ്രാൻ ഖാന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള അൽ ഖാദിർ ട്രസ്റ്റിന് ബഹ്‌രിയ ടൗൺ 530 മില്യൺ പി.കെ.ആർ വിലമതിക്കുന്ന ഭൂമി അനുവദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.
തീവ്രവാദം, മതനിന്ദ, കൊലപാതകം, അക്രമം, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നൂറ്റി നാൽപതോളം കേസുകളാണ് ഇമ്രാൻ ഖാനെതിരെ പാക്കിസ്ഥാനിലുള്ളത്. കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇസ്‌ലാമാബാദ് ഹൈക്കോടതി പരിസരത്ത് ഹാജരായപ്പോഴാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.