ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്തിന് ഇന്ത്യയുടെ അനൂകൂല പ്രതികരണം. ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തും. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞുരുകാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാന്‍ അറിയിച്ചിരുന്നു. കശ്മീര്‍ അടക്കമുളള വിഷയങ്ങളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ പരിഹാരം കാണണമെന്ന് അദ്ദേഹം അറിയിച്ചു. ‘മോദി സാഹബ്’ എന്നാണ് കത്തിൽ പ്രധനമന്ത്രിയെ ഇമ്രാൻ അഭിസംബോധന ചെയ്തത്. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ഇമ്രാന്‍ ഖാന് ഓഗസ്റ്റ് 18ന് മോദി കത്ത് അയച്ചിരുന്നു.

‘ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നം ജനങ്ങള്‍ക്ക് വേണ്ടി പരിഹരിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് വരാന്‍ പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇരുരാജ്യങ്ങള്‍ക്കും ഗുണം മാത്രം ഉണ്ടാവുന്ന രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം’, സെപ്റ്റംബര്‍ 14ന് ഇമ്രാന്‍ അയച്ച കത്തില്‍ പറയുന്നു. ആദ്യ ഘട്ടത്തിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തട്ടെയെന്നാണ് കത്തിലുള്ളത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമ സ്വരാജും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോർക്കിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook