കശ്മീരില്‍ ഇന്ത്യയുടെ അടിച്ചമര്‍ത്തലെന്ന് ഇമ്രാന്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വികസനം കൊണ്ടുവരാനെന്ന് മോദി

നടപടിയെ എതിർക്കുന്നവർ മാവോയിസ്റ്റുകള്‍ക്കും ഭീകരവാദികള്‍ക്കുമായി മാത്രം തുടിക്കുന്ന ഹൃദയമുള്ളവർ-മോദി

Narendra Modi, Imran Khan

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ വേദനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ ജനത ഇന്ത്യന്‍ അടിച്ചമര്‍ത്തലിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ കശ്മീരി സഹോദരന്മാര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കുന്നതായും ഇമ്രാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഇമ്രാന്റെ പ്രതികരണം.

”സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിന്റെ വേളയാണ്, എന്നാല്‍ ജമ്മു കശ്മീരില്‍ ഇന്ത്യയുടെ അടിച്ചമര്‍ത്തലിന് ഇരയായ കശ്മീരി സഹോദരങ്ങളുടെ അവസ്ഥയില്‍ വേദനിക്കുന്നു. ഞങ്ങള്‍ ഒപ്പമുണ്ടെന്ന് കശ്മീരി സഹോദരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ നാളെ പാക്കിസ്ഥാന്‍ കരിദിനമായാണ് ആചരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാക് പതാക താഴ്ത്തിക്കെട്ടും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിലുള്ള പ്രതിഷേധമായാണ് പാക്കിസ്ഥാന്‍ കരിദിനം ആചരിക്കുന്നത്.

Read More: പ്രിയപ്പെട്ട മാലിക് ജീ, ഞാന്‍ എപ്പോഴാണ് വരേണ്ടത് ? കശ്മീര്‍ ഗവര്‍ണര്‍ക്ക് രാഹുലിന്റെ മറുപടി

അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് രാജ്യ താല്‍പര്യത്തെ പരിഗണിച്ചാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ മറ്റ് താല്‍പര്യമുള്ളവരാണെന്നും ഭീകരവാദത്തെ അനുകൂലിക്കുന്നവരാണെന്നും മോദി പറഞ്ഞു.

”സാധാരണക്കാര്‍ക്ക് സഹായകമാകുന്നതിനെ എതിര്‍ക്കുന്നവരാണിത്. ജനങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു പദ്ധതി ഉണ്ടെങ്കില്‍ അവര്‍ എതിര്‍ക്കും. റെയിൽവേ ട്രാക്ക് ഉണ്ടാക്കിയാല്‍ അവര്‍ എതിര്‍ക്കും. സാധാരണക്കാരെ അക്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്കും ഭീകരര്‍ക്കും വേണ്ടി മാത്രമാണ് അവരുടെ ഹൃദയം തുടിക്കുന്നത്” എന്നായിരുന്നു മോദിയുടെ പ്രസ്താവന.

ഇനി മുതല്‍ കശ്മീരില്‍ വികസനം വരുമെന്നും മോദി പറഞ്ഞു. 70 വര്‍ഷം കശ്മീര്‍ ജനത ദുരിതം അനുഭവിച്ചെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. വികസനം അവരില്‍ നിന്നും ഒരുപാട് അകലെയായിരുന്നു. ഇനി എല്ലാം മാറുമെന്നും മോദി പറഞ്ഞു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Imran khan vows support to kashmiri people modi on article 370

Next Story
പ്രിയപ്പെട്ട മാലിക് ജീ, ഞാന്‍ എപ്പോഴാണ് വരേണ്ടത് ? കശ്മീര്‍ ഗവര്‍ണര്‍ക്ക് രാഹുലിന്റെ മറുപടിJammu Kashmir, ജമ്മു കശ്മീർ, Rahul Gandhi, രാഹുൽ ഗാന്ധി, Jammu Kashmir Governor, ജമ്മു കശ്മീർ ഗവർണർ, Satya Pal Malik, സത്യ പാൽ മാലിക്, Article 370, ആർട്ടിക്കിൾ 370, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com