ഇസ്ലാമാബാദ്:മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഗുജ്റന്‍വാല നഗരത്തിലെ ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റതെന്ന് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാന്‍ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
സംഭവത്തിന് ശേഷം ആജ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവ് ഫവാദ് ചൗധരി മുന്‍ പ്രധാനമന്ത്രിയുടെ കാലില്‍ വെടിയേറ്റതായി സ്ഥിരീകരിച്ചു. മറ്റ് മൂന്ന് നേതാക്കള്‍ക്കും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് നയിക്കുന്നതിനിടെ ഇമ്രാന്‍ ഖാന്റെ കാലിന് വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്തതായി പരിക്കേറ്റവരില്‍ ഒരാളായ മുതിര്‍ന്ന നേതാവ് ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ത്ത അക്രമിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയില്‍ അക്രമി കറുത്ത കോട്ട് ധരിച്ച് മറ്റൊരു അക്രമിക്കൊപ്പം തോക്കുമായി ഓടുന്നത് കാണാം.