ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. തന്റെ ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് അദ്ദേഹം ഇക്കുറി ജീവിത സഖിയാക്കിയത്. ലാഹോറിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പിങ്കിൾ പിർ എന്നു വിളിപ്പേരുളള മനേകയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ 5 കുട്ടികളുണ്ട്.

ഒരു വർഷം മുൻപാണ് ഇമ്രാൻ ഖാൻ ആത്മീയ ഉപദേശം തേടി മനേകയെ കണ്ടു തുടങ്ങിയത്. ഇമ്രാന്റെ പാർട്ടിയെക്കുറിച്ച് മനേക പറഞ്ഞ ചില കാര്യങ്ങൾ അതുപോലെ സംഭവിച്ചു. ഇതോടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്ന് മനേക തന്റെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു.

ഇമ്രാൻ ഖാൻ ഇത് മൂന്നാം തവണയാണ് വിവാഹിതനാകുന്നത്. 1995 ൽ ജെമിമ ഗോൾഡ്സ്മിത്തിനെയാണ് ആദ്യം വിവാഹം ചെയ്തത്. 9 വർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇമ്രാന് രണ്ടു മക്കളുണ്ട്. 2015 ൽ ടിവി അവതാരക റെഹാം ഖാനെ വിവാഹം ചെയ്തു. ഈ ബന്ധം 10 മാസം മാത്രമാണ് നീണ്ടുനിന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook