ന്യൂഡൽഹി: സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് അറിയിച്ച് പിന്നീട് പിന്മാറിയ ഇന്ത്യ ധിക്കാരത്തോടെയാണ് പെരുമാറിയതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെയാണ് ഇന്ത്യയ്ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണം നടത്തിയത്. സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ആവശ്യത്തോടുളള ‘ഇന്ത്യയുടെ ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണത്തില്‍’ താന്‍ നിരാശനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘മഹത്തായ കാര്യങ്ങളെ ഗ്രഹിക്കാനുളള വീക്ഷണമില്ലാത്ത ചെറിയ മനുഷ്യര്‍ വലിയ ഓഫീസുകളുടെ ചുമതല വഹിക്കുന്നതാണ് ഞാനെന്റെ ജീവിതത്തിലുടനീളം കാണുന്നത്,’ ആരുടേയും പേര് പരാമര്‍ശിക്കാതെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടിൽ ​ നിന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിൽ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മു കശ്മീരിൽ മൂന്ന് പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഈ സംഭവങ്ങളിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർത്ഥ മുഖം വെളിവായതായി ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്തിന് ഇന്ത്യ ആദ്യം അനൂകൂലമായാണ് പ്രതികരിച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞുരുകാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാന്‍ അറിയിച്ചിരുന്നു. കശ്മീര്‍ അടക്കമുളള വിഷയങ്ങളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ പരിഹാരം കാണണമെന്ന് അദ്ദേഹം അറിയിച്ചു.

‘ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നം ജനങ്ങള്‍ക്ക് വേണ്ടി പരിഹരിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് വരാന്‍ പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇരുരാജ്യങ്ങള്‍ക്കും ഗുണം മാത്രം ഉണ്ടാവുന്ന രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം’, സെപ്റ്റംബര്‍ 14ന് ഇമ്രാന്‍ അയച്ച കത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook