ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദനടപടികൾക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും ഉടന്‍ അടച്ചിടുന്ന കാര്യം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസ്സപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമം.

പാക്കിസ്ഥാൻ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തുവെന്ന് ഫവാദ് ഹുസൈൻ വ്യക്തമാക്കി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടികൾ.

Also Read: 80 ലക്ഷം കശ്മീരികള്‍ക്കായി ഏതറ്റം വരെയും പോകും: ഇമ്രാന്‍ ഖാന്‍

നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്താന്‍ തന്നെ നിഷേധിക്കുകയുണ്ടായി. ബാലാകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ വ്യോമ പാതകൾ അടച്ചിരുന്നു. ജൂലൈ 16നാണ് പിന്നീട് വ്യോമപാതകൾ പാക്കിസ്ഥാൻ തുറന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook